2000 രൂപയ്ക്ക് പെട്രോൾ അടിച്ചു, നൽകിയത് 10000 രൂപയും; അധികം പണം നൽകിയവരെ തേടി പമ്പുടമ; മലപ്പുറത്തെ സംഭവം ഇങ്ങനെ

0

ചങ്ങരംകുളം: 2000 രൂപയ്ക്ക് പെട്രോൾ അടിച്ച വാഹനമുടമ നൽകിയത് 10000 രൂപ. അധികമായി ലഭിച്ച 8000 രൂപ തിരിച്ചു നൽകാൻ ആളെ തേടുകയാണ് പമ്പുടമ. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് രണ്ട് മാസം മുൻപ് ഈ സംഭവമുണ്ടായത്.

ഇന്ധനമടിക്കാനെത്തിയ വാഹനമുടമ 2000 രൂപയ്ക്ക് ഇന്ധനമടിച്ച ശേഷം 10,000 രൂപയാണ് ട്രാൻസ്ഫർ ചെയ്തത്. വിവരമറിയാതെ വാഹനമുടമ യാത്രയാവുകയും ചെയ്തു. പിന്നീട് കണക്ക് നോക്കുമ്പോഴാണ് 8000 രൂപ അധികം വന്നതായി പമ്പുകാരറിയുന്നത്.

കമ്പനിക്ക് നേരിട്ടാണ് ഓൺലൈൻ ട്രാൻസ്ഫർ നടക്കുന്നതെന്നതിനാൽ ആളുടെ വിവരങ്ങൾ പമ്പുടമയ്ക്കുമറിയില്ല. പണം അക്കൗണ്ട് വിഭാഗം മാറ്റിവെക്കുകയും ഉടമ വന്നാൽ തിരിച്ചു നൽകാനുള്ള സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതുവരെയും ആരുമെത്തിയിട്ടില്ല.

അക്കൗണ്ടിൽനിന്ന് അധികം തുക നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട ആരെങ്കിലുമുണ്ടെങ്കിൽ വിവരങ്ങളുമായി എത്തിയാൽ തുക തിരിച്ചു നൽകുമെന്ന് പമ്പുടമ പറഞ്ഞു.

Leave a Reply