അലന്‍ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജം; പ്രശ്‌നം തുടങ്ങിവച്ചത് ആദിന്‍ സുബിയെന്ന് ആന്റി റാഗിംഗ് കമ്മിറ്റി

0


കണ്ണൂര്‍: പാലയോട് കാമ്പസിലെ റാംഗിഗ് പരാതി വ്യാജമെന്ന് ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. പന്തിരങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിനെതിരെയാണ് റാഗിംഗ് പരാതിയില്‍ കേസെടുത്തിരുന്നത്. കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അദിന്‍ സുബിയെ റാംഗ് ചെയ്തുവെന്നാണ് പരാതി നല്‍കിയിരുന്നത്.

എന്നാല്‍ അലന്‍ റാഗ് ചെയ്തിട്ടില്ലെന്നും അദിന്‍ സുബിയുടെ പരാതി വ്യാജമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോളേജില്‍ നടന്നത്. ബദറുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയുമായി അദിന്‍ സുബി വഴക്കുണ്ടാക്കുന്നതും അലന്‍ ഇരുവരെയും പിടിച്ച് മാറ്റാന്‍ അങ്ങോട്ടെത്തുന്നതുമാണ് സിസിടിവിയില്‍ വ്യക്തമാകുന്നത്. അദിന്‍ സുബിയാണ് തര്‍ക്കം തുടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് ഡോ.എസ്.മിനി ചെയര്‍മാനായ 13 അംഗ ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്.

നവംബര്‍ രണ്ടിന് കോളേജില്‍ കെഎസ് യു- എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ പോലീസെത്തി വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടു. പിറ്റേദിവസം അദിന്‍ സുബി എന്ന അലനും ബദറുദ്ദീനുമെതിരെ പോലീസില്‍ റാഗിംഗ് പരാതി നല്‍കുകയായിരുന്നു. അലന്‍ തീവ്രസ്വഭാവമുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും എസ്എഫ്‌ഐ ആരോപിച്ചിരുന്നു. പോലീസ് അലനെതിരെ റാഗിംഗ് കേസ് എടുത്തതോടെ പന്തിരങ്കാവ് കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു എന്‍ഐഎയുടെ റിപ്പോര്‍ട്ട്.

എന്നാല്‍ തന്നെ ജയിലിടക്കാനുള്ള രാഷ്ട്രീയനീക്കമാണ് കേസിനു പിന്നിലെന്ന് അലന്‍ ആരോപിച്ചിരുന്നു. ആന്റി റാഗിംഗ് കമ്മിറ്റിയുടെ കണ്ടെത്തലിനോട് പോലീസും എന്‍ഐഎയും എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്

Leave a Reply