കേരളത്തെ സാരമായി ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ പാർലമെന്റ് വളപ്പിൽ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

0

ന്യൂഡൽഹി: കേരളത്തെ സാരമായി ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ പാർലമെന്റ് വളപ്പിൽ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം. സാറ്റലൈറ്റ് സർവേ നിർത്തുക, ഫിസിക്കൽ സർവേ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. അശാസ്ത്രീയവും അപൂർണവുമായ ഉപഗ്രഹ സർവേക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരം ഏറ്റെടുക്കുമെന്നും കെപിസിസി പ്രഖ്യാപിച്ചിരുന്നു.

കരുതൽ മേഖല വിഷയത്തിൽ ആശങ്കകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 3.30ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. കരുതൽ മേഖല സംബന്ധിച്ച കേസ് ജനുവരിയിൽ സുപ്രീംകോടതിയിൽ വരാനിരിക്കെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ഉൾപ്പെടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. നിരവധി ജനവാസമേഖലകൾ ഉപഗ്രഹസർവേയിൽനിന്ന് വിട്ടുപോയതായ ആക്ഷേപം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

വനം, റവന്യൂ, തദ്ദേശ, ധനകാര്യ മന്ത്രിമാരും ചീഫ് സെക്രട്ടറിയും വനം മേധാവിയും വിവിധ വകുപ്പ് തലവന്മാരും പങ്കെടുക്കും. കരുതൽമേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ വിഷയവും ചർച്ചചെയ്യുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കരുതൽ മേഖല വിഷയത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിവിധ രാഷ്ട്രീയ, മത സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഉപഗ്രഹ സർവേയുടെ പ്രാഥമിക റിപ്പോർട്ടിൽ അവ്യക്തതകൾ ഉണ്ടെന്ന് വനം മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.അതേസമയം, കരുതൽ മേഖല ഉൾപ്പെടുന്ന ജനവാസമേഖലകൾ പൂർണമായും കണ്ടെത്തുന്നതിനുള്ള ഫീൽഡ് തല സർവേയുടെ കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനം ഉണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here