അഭയാർത്ഥികളായി എത്തിയാൽ ഒരിക്കലും പി ആർ നൽകില്ല; അൽബേനിയയേ പോലുള്ള രാജ്യങ്ങളെ റെഡ് ലിസിറ്റിൽ പെടുത്തി അഭയം നിഷേധിക്കും

0

ലണ്ടൻ: അനധികൃത കുടിയേറ്റവും അഭയാർത്ഥി പ്രവാഹവും തടയാൻ ഹോം സെക്രട്ടറി സുവെല്ല ബ്രാവർമാൻ പുതിയ നയം കൊണ്ടുവരികയാണ്. താരതമ്യേന ശാന്തവും സുരക്ഷിതവുമായ അൽബേനിയയിൽ നിന്നും വരുന്നവർക്ക് ഇനിമുതൽ യു കെയിൽ അഭയമരുളുകയില്ല എന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക് പറഞ്ഞു. അഭയാർത്ഥിത്തത്തിന് അപേക്ഷിക്കാൻ അൽബേനിയക്കാർക്ക് അവകാശമുണ്ടായിരിക്കില്ല.

യു കെയിലേക്ക് അനധികൃതമായി എത്തിയവർക്ക് അഭയം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമംസർക്കാർ തയ്യാറാക്കുകയാണെന്ന് സൺഡേ ടൈംസിൽ വന്ന വാർത്തയോടെ ആഭ്യന്തര വകുപ്പ് പ്രതികരിക്കാതിരിക്കവേയാണ് മന്ത്രിയുടെ ഈ വാക്കുകൾ എന്നത് ഇതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. അതുപോലെ, അനധികൃതമായി എത്തുന്ന എല്ലാ അഭയാർത്ഥികളേയും അവർ എത്തിയാലുടൻ തടവിലാക്കാനുള്ള പുതിയ പദ്ധതിക്ക് ഋഷിയുടെ പിന്തുണ ആവശ്യപ്പെടുകയാണ് സുവെല്ല ബ്രേവർമാൻ.

മനുഷ്യക്കടത്ത് മാഫിയ ആളുകളെ ചെറുബോട്ടുകളിൽ അനധികൃതമായി യു കെയിൽ എത്തിക്കുന്നത് തടയുന്നതിനുള്ള കാര്യക്ഷമമായ നടപടി കൈക്കൊള്ളുവാൻ സർക്കാരിനു പുറത്ത് കൺസർവേറ്റീവ് എം പിമാരുടെ സമ്മർദ്ദം ഏറിവരികയാണ്. ഇത്തരത്തിൽ ചാനൽ വഴി ഈ വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ എത്തിയ 33000 പേരിൽ മൂന്നിലൊരാൾ വീതം അൽബേനിയയിൽ നിന്നാണ് എന്നതാണ് ഇപ്പോൾ ആ രാജ്യത്തെ ഉന്നം വയ്ക്കാൻ കാരണമായി മന്ത്രി പറയുന്നത്.

കഴിഞ്ഞയാഴ്‌ച്ച ഋഷി സുനകും അൽബേനിയൻ പ്രധാനമന്ത്രിയുമായി അഭയം കിട്ടാതെ മടങ്ങി വരേണ്ടി വരുന്നവരുടെ ഒഴുക്ക് തടയുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളെ പറ്റി സംസാരിച്ചിരുന്നു. അൽബേനിയ സുരക്ഷിതമായ ഒരു രാജ്യമാണെന്നും ഇവിടെത്തെ പൗരന്മാർ എങ്ങനെ ബ്രിട്ടനിൽ അഭയം തേടുമെന്നും അദ്ദേഹം ചോദിച്ചതായി ജി ബി ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. അനധികൃതമായി എത്തുന്നവരെ തിരിച്ചയയ്ക്കാൻ അൽബേനിയയുമായി കഴിഞ്ഞവർഷം കരാർ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ആയിരത്തോളം പേരെ ഇതിനോടകം തിരിച്ചയച്ചിട്ടുമുണ്ട്.

നെറ്റ് മൈഗ്രേഷൻ 5 ലക്ഷത്തോളം എത്തി എന്നത് സുസ്ഥിരതക്ക് അപകടകരമാകുന്ന ഒരു വസ്തുതയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ, കുടുംബവുമായി യു കെയിൽ എത്തി ദീർഘനാൾ താമസിക്കുവാൻ യൂണിവേഴ്സിറ്റികളെ പലരും എളുപ്പ വഴികളായി തിരഞ്ഞെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നിരവധി പേർ ഈ മാർഗ്ഗവും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here