പോലീസുകാരുടെ ‘വീട്ടുജോലി’ നിര്‍ത്തണം: ഗണേഷ്‌ കുമാര്‍

0


തിരുവനന്തപുരം: പോലീസുകാരെ ഉന്നതര്‍ വീട്ടുജോലിക്ക്‌ ഉപയോഗിക്കുന്നുത്‌ അവസാനിപ്പിക്കണമെന്ന്‌ നിയമസഭയില്‍ കെ.ബി. ഗണേഷ്‌കുമാര്‍. അടിയന്തരമായി ഇവരെ സ്‌റ്റേഷനുകളിലേക്ക്‌ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുമ്പുണ്ടായിരുന്നതുപോലെയുള്ള അത്തരം ആക്ഷേപം ഇപ്പോഴില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനു മറുപടി നല്‍കി. സുരക്ഷാ ഭീഷണി ഉള്ളവര്‍ക്കാണ്‌ ഗണ്‍മാനെ നല്‍കുന്നത്‌. അല്ലാത്ത അപൂര്‍വം ചിലര്‍ക്ക്‌ മാത്രമാണ്‌ ഇപ്പോള്‍ ഗണ്‍മാന്‍മാരെ അനുവദിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സിവില്‍ പോലീസുകാരുമായി ബന്ധപ്പെട്ട കെ.ബി. ഗണേഷ്‌കുമാറിന്റെ ഉപക്ഷേപത്തിലാണ്‌ അഭിപ്രായം ഉയര്‍ന്നത്‌.
ഒരു ഐ.പി.എസ്‌. ഓഫീസര്‍ക്ക്‌ നാല്‌ പോലീസുകാരുടെ ഡ്യൂട്ടിക്ക്‌ ഉപയോഗിക്കുന്നുണ്ടെന്ന്‌ ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. വീട്ടില്‍ പലവ്യഞ്‌ജനം വാങ്ങാനും പട്ടിയെ കുളിപ്പിക്കാനും തുണി നനച്ച്‌ വിരിക്കാനും അവരെ ഉപയോഗിക്കുന്നതായും തനിക്ക്‌ അറിയാമെന്ന്‌ ഗണേഷ്‌കുമാര്‍ പറഞ്ഞു.
പോലീസുകാര്‍ മിക്കവരും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്‌. ഒരു രാഷ്‌ട്രീയ നേതാവിനെയും ജനങ്ങള്‍ ഉപദ്രവിക്കില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും ജഡ്‌ജിമാര്‍ക്കുമൊക്കെ ഒഴിച്ച്‌ മറ്റുള്ളവര്‍ക്ക്‌ ഗണ്‍മാന്‍മാരെ നല്‍കുന്നത്‌ ഒഴിവാക്കണം. ജീവന്‌ ഭീഷണിയില്ലാത്ത എല്ലാവരും ബോര്‍ഡിഗാര്‍ഡിനെ വേണ്ട എന്ന്‌ പറയാന്‍ തയാറാകണം. ഏറെ നാളായി എം.എല്‍.എ. പോലുമല്ലാത്ത ഒരു നേതാവ്‌ നാല്‌ പോലീസുകാരുമായാണ്‌ നടക്കുന്നത്‌. ഐ.പി.എസുകാര്‍ക്ക്‌ കാര്യങ്ങള്‍ ചെയ്യാന്‍ ക്ലാസ്‌ ഫോര്‍ ജീവനക്കാരെ നല്‍കണം. എം.പിയും എം.എല്‍.എമാരും ഗണ്‍മാന്‍മാരെ മടക്കി കൊടുക്കണം. ഇവരെ പോലീസ്‌ സ്‌റ്റേഷനുകളില്‍ മറ്റ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പോലീസുകാരെ തെറ്റായ ഡ്യൂട്ടിക്ക്‌ നിയോഗിക്കുന്നതായി മുമ്പ്‌ ചില കേസുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ സമൂഹത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. എല്ലാവര്‍ക്കും ചുമതല ബോധം വന്നു. തെറ്റായി ഉപയോഗിക്കുന്നത്‌ ചോദ്യം ചെയ്യുന്ന മാറ്റം പൊതുവെ വന്നിട്ടുണ്ട്‌. ക്ലാസ്‌ ഫോര്‍ ജീവനക്കാരെ ഐ.പി.എസുകാര്‍ക്ക്‌ വീട്ടുജോലിക്ക്‌ നല്‍കാനാകില്ല. വീട്ടിലുള്ള ജോലിക്ക്‌ അവര്‍ തന്നെ സംവിധാനം ഉണ്ടാക്കണം. സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കാനാകില്ല.
ഗണേഷ്‌കുമാര്‍ മന്ത്രിയായ ഉടന്‍ ഗണ്‍മാനെ വേണ്ട എന്ന്‌ പറഞ്ഞിട്ടുണ്ട്‌. സുരക്ഷ ഭീഷണിയില്ലാത്ത അപൂര്‍വം ചിലര്‍ക്ക്‌ മാത്രമാണ്‌ ഗണ്‍മമാനെ നല്‍കിയിട്ടുള്ളത്‌. എറണാകുളത്ത്‌ പൊതുയോഗം കഴിഞ്ഞിറങ്ങിയ നേതാവിനെ ഒരാള്‍ കുത്തിയിരുന്നു. ഇയാള്‍ക്ക്‌ വിരോധമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയും ചിലര്‍ സമൂഹത്തിലുണ്ട്‌. ചിലര്‍ ഗണ്‍മാന്‍ വേണമെന്ന്‌ ആഗ്രഹിക്കുന്നു. പോലീസില്‍ ഒഴിവുള്ള 187 തസ്‌തികകളില്‍ കൂടി നിയമനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply