സ്വപ്നക്കും മകൾക്കും കൊടുമുടി ഉയരങ്ങൾ വെറും സ്വപ്നമല്ല
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഖത്തറിൽനിന്നുള്ള ഉമ്മയും മകളും

0

ദോഹ: സമപ്രായക്കാരെല്ലാം ഊട്ടിയിലേക്കും മൈസൂരിലേക്കും കുളു-മണാലിയിലേക്കുമെല്ലാം അവധി ആഘോഷിക്കാൻ പോകുേമ്പാൾ മമ്മയുടെ കൈയും പിടിച്ച് ആകാശമുട്ടും ഉയരെ തലയുയർത്തി നിൽക്കുന്ന െകാടുമുടികളുടെ ഉച്ചിയിലേക്കാണ് 11കാരി സമാറയുടെ യാത്രകൾ. അങ്ങനെ അവളും മമ്മ സ്വപ്ന ഇബ്രാഹിമും കാൽകീഴിലാക്കിയത് വയനാട്ടിലെ െചമ്പ്ര മലയും ജോർജിയയിലെ ചൗകി കൊടുമുടിയും മുതൽ ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും വരെ.

സമപ്രായക്കാർ പാഠപുസ്തകത്തിൽ മാത്രം വായിച്ചും കേട്ടും പരിചയിച്ച കിളിമഞ്ചാരോയുടെ ഉയരം കീഴടക്കി 5,895 മീറ്റർ മുകളിൽ മമ്മക്കൊപ്പം ഇന്ത്യയുടെ ത്രിവർണ പതാക പാറിച്ചാണ് ഈ ആറാം ക്ലാസുകാരി ഇപ്പോൾ ഖത്തറിൽ മടങ്ങിയെത്തിയത്. മലപ്പുറം കാട്ടുങ്ങൽ സ്വദേശികളാണ് കൊടുമുടികൾ കീഴടക്കി ജൈത്രയാത്ര തുടരുന്ന ഈ ഉമ്മയും മകളും.

കുഞ്ഞുപ്രായത്തിൽ പിതാവിനൊപ്പം വനങ്ങളും മലമ്പാതകളും താണ്ടി ട്രക്കിങ് ശീലമാക്കിയ സ്വപ്ന ഇബ്രാഹിം ഇപ്പോൾ മക്കൾക്കൊപ്പമാണ് നടന്നുനടന്ന് ആകാശംതൊടുന്ന ഉയരത്തിൽ മഞ്ഞണിഞ്ഞ് കാത്തുനിൽക്കുന്ന കൊടുമുടികളുടെ ഉയരങ്ങളിലെത്തുന്നത്. സാഹസികതയും കായിക ആവേശവും ചെറുപ്പത്തിൽ തന്നെ കരുത്താക്കിമാറ്റിയ സ്വപ്ന രണ്ടുമക്കളുടെ അമ്മയായശേഷം തന്റെ യാത്രകൾ പതിവാക്കിമാറ്റുകയായിരുന്നു. അങ്ങനെ ദുർഘട പാതകൾ താണ്ടി പശ്ചിമ ഘട്ടത്തിലും ഹിമാലയത്തിലും ഉയരങ്ങളിലേക്ക് യാത്രചെയ്തവർ, ആഫ്രിക്കയിലും ഇന്തോനേഷ്യയിലും യൂറോപ്പിലൂമെല്ലാം സഞ്ചരിച്ച് കൊടുമുടിയേറ്റം ശീലമാക്കിമാറ്റി.ഏറെ കായികാധ്വാനവും തയാറെടുപ്പും വേണ്ട പർവതാരോഹണത്തിൽ ഉമ്മക്ക് കൂട്ടായി 11 കാരി സമാറയും ചേർന്നു തുടങ്ങി. സമുദ്ര നിരപ്പിൽ നിന്നും 2100മീറ്റർ ഉയരെയുള്ള വയനാട്ടിലെ ചെമ്പ്ര പീക്ക് അനയാസം കയറിയിറങ്ങിയായിരുന്നു സ്വപ്നയുടെ ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നത്. ചെറുതും വലുതുമായ 12 ഓളം കൊടുമുടികൾ ഇതിനകം കീഴടക്കി. ഏറ്റവും ഒടുവിലായി താൻസനിയയിൽ ആകാശംതൊടുന്ന ഉയരത്തിലുള്ള കിളിമഞ്ചാരോയിലുമെത്തി. മാസങ്ങൾ നീണ്ട തയാെറടുപ്പിനൊടുവിലായിരുന്നു കിളിമഞ്ചാരോയിലേക്കുള്ള യാത്രയെന്ന് സ്വപ്ന ഇബ്രാഹിം ‘ഗൾഫ് മാധ്യമ’ത്തോട് പങ്കുവെച്ചു.

ദോഹയിലെ ബ്രിട്ടീഷ് സ്കൂളായ കിങ്സ് കോളജിൽ ആറാം ക്ലാസുകാരിയായ സമാറ മികച്ച നീന്തൽ താരം കൂടിയാണ്. സംസ്ഥാന തലത്തിൽ കേരളത്തെയും ഖത്തറിനെയും പ്രതിനിധാനംചെയ്ത് പങ്കെടുത്ത മികവുമായാണ് മാതാവിനൊപ്പം പർവതാരോഹണത്തിന് തുടക്കം കുറിച്ചത്.

ഈ വർഷം ആദ്യത്തിൽ ഉത്തരാഖണ്ഡിലെ കേദാർകാന്തയുടെ ഉയരം കീഴടക്കിയ ആത്മവിശ്വാസവുമായാണ് ഇവർ കിളിമഞ്ചാരോയിലേക്ക് തയാറെടുത്തത്. നീന്തലും, ഹൈആൾറ്റിറ്റ്യൂഡിലെ നടത്തത്തിനും ആവശ്യമായ പരിശീലനങ്ങൾ. ഒടുവിൽ, ഖത്തറിൽ ലോകകപ്പ് ആവേശം കൊടുമ്പിരിക്കൊള്ളവെ ഉമ്മയും മകളും താൻസനിയയിലേക്ക് പറന്നു. ഡിസംബർ 14ന് ലക്ഷ്യത്തിലെത്തിയ ശേഷം, അടുത്ത ദിവസം കൊടുമുടി കയറ്റം ആരംഭിച്ചു.

ദിവസവും 10-15 കിലോമീറ്റർ നടന്ന് ആറാം ദിവസം കിളിമഞ്ചാരോയുടെ ഉച്ചിയിലെത്തി. ശരീരം മരവിക്കുന്ന മൈനസ് 14 ഡിഗ്രിവരെ തണുപ്പിലും പതറാതെയായിരുന്നു ഇരുവരുടെയും യാത്രകൾ. ആറാം ദിനം കൊടുമുടിയുെട മുകളിലെത്തി ത്രിവർണ പതാക പറത്തുന്ന ചിത്രവും പകർത്തി 45മിനിറ്റോളം മഞ്ഞുമലക്ക് മുകളിൽ ചെലവഴിച്ച ശേഷം തിരികെയിറക്കം. ചുരുങ്ങിയ മണിക്കൂറിൽ അതിവേഗത്തിലായിരുന്നു മലയിറക്കമെന്ന് സ്വപ്ന പറയുന്നു.

നിരന്തരമായ പരിശ്രമവും, കഠിന പരിശീലനവും ലക്ഷ്യവും കുടുംബത്തിന്റെ പിന്തുണയും കരുത്താവുേമ്പാൾ ഉയരങ്ങളെല്ലാം സ്വപ്നക്കുമുന്നിൽ ചെറു ചുവടുകൾ മാത്രമാണ്. ഇനി അടുത്ത ലക്ഷ്യമായി ലോകത്തെ ഏറ്റവും ഉയരത്തിലുള്ള എവറസ്റ്റ് കൊടുമുടിയെ ഇവർ മനസ്സിൽ കുറിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ തയാറെടുപ്പ് തുടങ്ങും. അടുത്ത വർഷത്തിനുള്ളിൽ തന്നെ 8800 മീറ്റർ ഉയരെ തലയുയർത്തി നിൽക്കുന്ന എവറസ്റ്റും കാൽക്കീഴിലാക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.

പിന്തുണയായി കുടുംബം
ഖത്തറിലെ പ്രശസ്തമായ സാവോയ് ഇൻഷുറൻസ് ബ്രോക്കേഴ്സ് സി.ഇ.ഒ ജെറി ബാബു ബഷീറാണ് സ്വപ്നയുടെ ഭർത്താവ്. മൂത്ത മകൻ റിഹാൻ ജെറി ബാബു മഞ്ചേരിയിലെ ബെഞ്ച്മാർക്ക് ഇൻറർനാഷനൽ സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയും നീന്തൽ താരവുമാണ്. ഉമ്മയുടെയും സമാറയുടെയും യാത്രകൾക്ക് എല്ലാ പിന്തുണയുമായി ബിസിനസ് തിരക്കുകൾക്കിടയിലും ജെറി ബാബുവും മകനുമുണ്ട്. കേരളത്തിലും ഗൾഫിലുമായി പ്രശസ്തമായ വുഡ്ബൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് റിസോർട്സ് ഡയറക്ടർ കൂടിയാണ് സ്വപ്ന ഇബ്രാഹിം. ഇബ്രാഹിം കൂത്രാട്ടാണ് പിതാവ്.

Leave a Reply