തിരുവനന്തപുരം: വാട്‌സ്‌ആപ്പിലൂടെയും ടെലഗ്രാമിലൂടെയും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള പി.എഫ്.ഐയുടെ നീക്കമാണ് കേന്ദ്ര ഏജന്‍സി ഇന്നലത്തെ റെയ്‌ഡിലൂടെ പൊളിച്ചത്. സംഘടനയെ നിരോധിച്ചിട്ടും പ്രവര്‍ത്തനം മതിയാക്കാന്‍ ഇവരില്‍ ചിലര്‍ ശ്രമിച്ചതിന്റെ തെളിവുകളും കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെ റിക്രൂട്ട് ചെയ്‌ത് ദൗത്യ നിര്‍വഹണത്തിന് ആഹ്വാനം ചെയ്‌തു കൊണ്ടുള്ള നീക്കവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പി.എഫ്.ഐ മുന്‍ സംസ്‌ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീറിന്റെ കാറ്ററിങ് സ്‌ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധനയില്‍ ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സെപ്‌റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ 7 എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍, 7 മേഖലാ തലവന്മാര്‍ എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടത്തിയെന്ന് എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു റെയ്‌ഡ്. പലരും പി.എഫ്.ഐ നിരോധനം മുതല്‍ നിരീക്ഷണത്തിലായിരുന്നു. കേരള പോലീസും റെയ്‌ഡിന് സുരക്ഷയൊരുക്കി.
എവിടെയും പ്രതിഷേധവും പ്രതിരോധമോ ഉണ്ടായിരുന്നില്ല. സെപ്‌റ്റംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.