കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ കവര്‍ച്ചാശ്രമം തടയുന്നതിനിടെ ഝാര്‍ഖണ്ഡില്‍നിന്നുള്ള നടി റിയാകുമാരി (ഇഷാ ആല്യ) വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രകാശ് കുമാറിനെ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു. ഭര്‍ത്താവിനും മൂന്നു വയസുകാരിയായ മകള്‍ക്കുമൊപ്പം റാഞ്ചിയില്‍നിന്നു കൊല്‍ക്കത്തയിലേക്കു കാറില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞദിവസം രാവിലെ 6 ന് ഹൗറ ജില്ലയില്‍ ദേശീയപാതയിലായിരുന്നു റിയാകുമാരി വെടിയേറ്റു മരിച്ചത്. നടിയുടെ കുടുംബം പ്രകാശിനും കുടുംബത്തിനും എതിരെ പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. തുടക്കം മുതല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലായിരുന്നു പോലീസ്. സംവിധായകനും നിര്‍മാതാവുമായ പ്രകാശ് കുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടു തോന്നിയ പോലീസ് കാര്‍ കസ്‌റ്റഡിയിലെടുത്ത് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഒരുപാട് യാദൃച്‌ഛികതകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാന്‍ പ്രയാസമാണെന്നും പൊലീസ് വിശദീകരിച്ചു. ഝാര്‍ഖണ്ഡിലെ പ്രാദേശിക ഭാഷയായ ഖോര്‍ത്തയിലുള്ള ഒട്ടേറെ ചിത്രങ്ങളില്‍ ഇഷ അല്‍യ എന്ന പേരില്‍ അഭിനയിച്ച റിയ കുമാരി മ്യൂസിക് ആല്‍ബങ്ങളിലും തിളങ്ങി.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രകാശിന്റെ രണ്ടാം ഭാര്യയാണ് റിയ. പ്രമുഖ യൂട്യൂബ് വ്‌ളോഗര്‍ കൂടിയായ റിയയുടെ വരുമാനത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവാണ്. ഭാര്യയെ ഇയാള്‍ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.