നേപ്പാളി യുവതിയുടെ കൊലപാതകം : പ്രതിയെ വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി; വിചാരണ നേപ്പാളില്‍ നടത്താമെന്ന്‌ അധികൃതര്‍

0


കൊച്ചി : എളംകുളത്ത്‌ വീട്ടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്‌റ്റിക്‌ കവറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കൂടെ താമസിച്ചിരുന്ന റാം ബഹാദൂര്‍ ബിസ്‌തിയെ വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി.
പ്രതിയെ കൈമാറുന്നതു സംബന്ധിച്ചുള്ള സാങ്കേതിക തടസങ്ങളാണ്‌ ഇയാളെ കേരളത്തില്‍ എത്തിക്കാനുള്ള തടസം. രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതിലെ നിയമ പ്രശ്‌നം പ്രതിസന്ധിയാകുന്നുണ്ട്‌. അതിനാല്‍, ഇയാളുടെ വിചാരണ നേപ്പാളില്‍ തന്നെ നടത്താമെന്നാണ്‌ നേപ്പാളി അധികൃതര്‍ അറിയിച്ചിരിക്കുന്നത്‌. കൊല്ലപ്പെട്ട ഭഗീരഥിയും നേപ്പാളിയാണെന്ന കാരണമാണ്‌ അവര്‍ പറയുന്നത്‌.
എന്നാല്‍, കൊല നടന്നതു കൊച്ചിയിലായതിനാല്‍, വിചാരണ ഇവിടെത്തന്നെ നടത്തണമെന്നാണ്‌ പോലീസിന്റെ നിലപാട്‌. അവര്‍ ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി നേപ്പാള്‍ അധികുതരെ അറിയിച്ചിട്ടുണ്ട്‌. പ്രതി ഒളിച്ചു താമസിക്കുന്ന മുറി അടക്കമുള്ള വിവരങ്ങള്‍ സിറ്റി പോലീസാണ്‌ നേപ്പാള്‍ പോലീസിനെ അറിയിച്ചത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലാകുന്നത്‌. ഭാഗീരഥി ഗാമിയെ ഇയാള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
എളംകുളത്ത്‌ റിട്ടയേഡ്‌ പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ഒറ്റമുറി വീട്ടില്‍ ദമ്പതികള്‍ എന്ന പേരിലാണ്‌ ഒന്നര വര്‍ഷമായി ഇവര്‍ വാടകയ്‌ക്കു താമസിച്ചിരുന്നത്‌.
ലക്ഷ്‌മി എന്ന പേരിലാണു ഭാഗീരഥി കഴിഞ്ഞിരുന്നത്‌. ഇരുവരും മഹാരാഷ്‌ട്ര സ്വദേശികളാണെന്നും വിശ്വസിപ്പിച്ചിരുന്നു. ഇരുവര്‍ക്കുമിടയില്‍ കലഹം പതിവായതോടെ വീട്‌ ഒഴിയണം എന്ന്‌ അറിയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണു യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്‌ത ശേഷമാണു പ്രതി മുങ്ങിയത്‌. ഇതോടെ പോലീസ്‌ അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതിനിടെ ലഭിച്ച ചില തുമ്പുകളുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണ സംഘം രൂപീകരിച്ചു പ്രതിയെ കണ്ടെത്തിയത്‌.
റാം ബഹാദൂര്‍ ബിസ്‌തിയെ അതിര്‍ത്തി കടത്താന്‍ സഹായിച്ച സുഹൃത്തിനെ കണ്ടെത്തി അയാളുടെ കൈയില്‍നിന്നു വിസിറ്റിങ്‌ കാര്‍ഡ്‌ കണ്ടെത്തിയതാണ്‌ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here