ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ പത്ത് വർഷത്തോളം ഒബാമയെ സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മിഷേൽ ഒബാമ

0

ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ പത്ത് വർഷത്തോളം ഒബാമയെ സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മിഷേൽ ഒബാമ. പങ്കാളിയെ മനസ്സിലാക്കി മുന്നോട്ട് പോവുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും മിഷേൽ പറയുന്നു. ദാമ്പത്യ ജീവിതത്തിൽ എപ്പോഴും ഉയർച്ച താഴ്‌ച്ചകളുണ്ടാകും. ബന്ധങ്ങളിൽ ഉലച്ചിലുകൾ സംഭവിക്കും. ഒരുമിച്ചുള്ള ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോഴായിരിക്കും മിക്കപ്പോഴും അസ്വാരസ്യങ്ങളുണ്ടാകുക. താനും അത്തരത്തിലുള്ള അവസരങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ പറഞ്ഞു. കഴിഞ്ഞയാഴ്‌ച്ച റിവോൾട്ട് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മിഷേലിന്റെ വെളിപ്പെടുത്തൽ. ആ സമയത്ത് കുഞ്ഞുങ്ങൾ രണ്ടു പേരും ചെറിയ പ്രായമായിരുന്നെന്നും മിഷേൽ പറയുന്നു.

‘നിങ്ങൾ ഒരു വ്യക്തിയുമായി ഭ്രാന്തമായി പ്രണയത്തിലായിരിക്കുമ്പോഴും കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ നടക്കുമ്പോഴും ആ ബന്ധം നിലനിർത്തുന്നത് എത്രത്തോളം കഠിനമാണെന്ന കാര്യം നമ്മൾ ആരും തുറന്ന് സംസാരിക്കുന്നില്ല. ഇതെല്ലാം പറയുമ്പോൾ ഞാൻ എത്രത്തോളം ക്രൂരയാണെന്ന് ആളുകൾ ചിന്തിക്കും. 10 വർഷത്തോളം എനിക്ക് എന്റെ ഭർത്താവിനെ സഹിക്കാൻ കഴിഞ്ഞിരുന്നില്ല. മക്കൾ രണ്ടു പേരും അന്ന് ചെറിയ പ്രായമായിരുന്നു. ഞങ്ങൾ സ്വന്തം കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലും. ആ സമയത്ത് മക്കളുടെ സ്‌കൂളിനെ കുറിച്ചും അവർ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ചുമെല്ലാം ഞാൻ വേവലാതിപ്പെട്ടു. വിവാഹം ഒരിക്കലും 50-50 സാധ്യതയല്ല. ചിലപ്പോൾ ഞാൻ 70ഉം അദ്ദേഹം 30ഉം ആയ സമയങ്ങളുണ്ട്. ചിലപ്പോൾ അദ്ദേഹം 60ഉം ഞാൻ 40ഉം ആകും. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 30 വർഷം പൂർത്തിയായി. അതിൽ 10 വർഷം ഏറ്റവും മോശം സമയമായിട്ടാണ് ഞാൻ കാണുന്നത്. നമ്മൾ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് കാര്യം. ചിലപ്പോൾ അഞ്ച് വർഷം ആകുമ്പോഴേക്ക് ആളുകൾ പരാജയം സമ്മതിക്കും. ഇത് മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല എന്നു പറയും. ഇതിലെല്ലാം ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയെ മനസിലാക്കുക എന്നതാണ്. ബന്ധത്തിലെ ഉയർച്ച താഴ്‌ച്ചകൾക്കിടയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്.’ മിഷേൽ പറയുന്നു.

ഒബാമയും മിഷേലും ദാമ്പത്യത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മിഷേലിന്റെ വെളിപ്പെടുത്തൽ 1992-ലാണ് ഒബാമയും മിഷേലും വിവാഹിതരായത്. 24 വയസ്സുകാരി മാലിയ ആൻ ഒബാമയും 21-കാരി സാഷ ഒബാമയുമാണ് ഇരുവരുടേയും മക്കൾ.

Leave a Reply