കോവിഡ് കാലത്തെ കൊള്ളയിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി

0

കോവിഡ് കാലത്തെ കൊള്ളയിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം തുടരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനിടെ പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം. കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കു നോട്ടീസ് അയച്ച ലോകായുക്ത നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ലോകായുക്തയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോവാമെന്ന്, നോട്ടീസ് അയച്ചതിനെതിരായ ഹർജികൾ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

അഴിമതി ആരോപണ പരാതികൾ പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ ലോകായുക്ത അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. ദുരന്തങ്ങൾ അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാക്കരുത് എന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു. പിപിഇ കിറ്റ് വാങ്ങിയത് ഉയർന്ന നിരക്കിലാണെന്ന് പരാതിയുണ്ട്. ഇതിന്റെ സത്യാവസ്ഥ ജനങ്ങൾ അറിയണം. അതുകൊണ്ടുതന്നെ അന്വേഷണം നടക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും എതിരെ ലോകായുക്ത അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശൈലജയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. കെകെ ശൈലജയും മരുന്നു വാങ്ങലിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളും ചേർന്ന് അഴിമതി നടത്തി എന്നാണ് ആരോപണം. 450 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് വീണാ നായർ ലോകായുക്തയ്ക്ക് നൽകിയ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here