മന്‍ഡോസ്‌ വരുന്നു; മഴ ‘കലിക്കും’

0


കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്‌തിയാര്‍ജിച്ചു ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്‌ഥാ ഗവേഷകര്‍. ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റാകും ഇത്‌. “മന്‍ഡോസ്‌” എന്ന്‌ പേരിട്ടിരിക്കുന്ന ചുഴലി കേരളമടക്കമുള്ള തെക്കന്‍ സംസ്‌ഥാനങ്ങളില്‍ പരക്കെ മഴയ്‌ക്കു കാരണമാകും.
ചുഴലിക്കാറ്റ്‌ ബംഗ്ലാദേശ്‌ ലക്ഷ്യമാക്കി നീങ്ങുമെന്നതിനാല്‍ വലിയ ആശങ്കയ്‌ക്ക്‌ ഇടയില്ലെന്നു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മേഖലയില്‍ ആന്‍ഡമാന്‍ ദ്വീപിനു സമീപമാണ്‌ ന്യൂനമര്‍ദവും പിന്നാലെ ചുഴലിക്കാറ്റും രൂപംകൊള്ളുന്നത്‌. ന്യൂനമര്‍ദം രൂപംകൊള്ളുന്നതിന്റെ ഫലമായി ഇന്നുമുതല്‍ 10 വരെ സംസ്‌ഥാനത്തു മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്‌. കേരളത്തില്‍ മഴയ്‌ക്കു പുറമേ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കും. ചിലയിടങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്‌തമായ കാറ്റും വീശാം.
ചുഴലിക്കാറ്റിനു യു.എ.ഇ. ആണ്‌ “മന്‍ഡോസ്‌” എന്നു പേരിട്ടത്‌. ഈ സീസണില്‍ ഇതിനു മുമ്പു ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്‌ടോബര്‍ 24 നു “സിട്രാങ്‌” എന്ന ചുഴലിക്കാറ്റ്‌ വീശിയിരുന്നു.
തുലാവര്‍ഷം സംസ്‌ഥാനത്തു ദുര്‍ബലമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ 14% മഴക്കുറവാണുള്ളത്‌. കണ്ണൂര്‍, കാസര്‍ഗോഡ്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍, വയനാട്‌ എന്നീ ജില്ലകളില്‍ പ്രതീക്ഷിച്ചതിലും കുറവു മഴയാണ്‌ ലഭിച്ചത്‌.

Leave a Reply