ഇന്നു മുതൽ നോക്കൗട്ട് മത്സരങ്ങൾ ; ജയിക്കുന്നവർ മുന്നേറും തോൽക്കുന്നവർ പുറത്ത് ;
ലയണൽ മെസ്സിക്ക് 1000–ാം മത്സരം

0

ദോഹ ∙ ആകെ 64 മത്സരങ്ങളുള്ള ലോകകപ്പിലെ 48 മത്സരങ്ങൾ പൂർത്തിയായി. ഇന്നു മുതൽ നോക്കൗട്ട് മത്സരങ്ങൾ. ജയിക്കുന്നവർ മുന്നേറും. തോൽക്കുന്നവർ പുറത്ത്. നിശ്ചിത സമയത്തും സമനില പാലിച്ചാൽ അധിക സമയവും പെനൽറ്റി ഷൂട്ടൗട്ടും. ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എ ചാംപ്യന്മാരായ നെതർലൻഡ്സ് ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായ യുഎസിനെ നേരിടും. ഗ്രൂപ്പ് സി ചാംപ്യന്മാരായ അർജന്റീനയ്ക്ക് എതിരാളികൾ ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയ.

നെതർലൻഡ്സ് X യുഎസ്എ

നെതർലൻഡ്സ്: തോൽവി അറിയാതെയാണ് നെതർലൻഡ്സിന്റെ കുതിപ്പ്. രണ്ടു മത്സരങ്ങൾ ജയിച്ചപ്പോൾ ഇക്വഡോറിനെതിരെ സമനിലയായി. 5 ഗോൾ അടിച്ചപ്പോൾ വഴങ്ങിയത് ഒരെണ്ണം മാത്രം. വിർജിൽ വാൻ ദെയ്ക് നയിക്കുന്ന പ്രതിരോധ നിര ഫോമിലാണ്.യുഎസ്എ: ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചു. നിർണായകമായ അവസാന മത്സരത്തിൽ ഇറാനെതിരെ ജയിച്ചാണ് പ്രീക്വാർട്ടറിൽ കടന്നത്. സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യൻ പുലിസിക് ഇന്നു കളിച്ചേക്കില്ല.

അർജന്റീന X ഓസ്ട്രേലിയ

അർജന്റീന: ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അട്ടിമറി തോൽവി വഴങ്ങിയതിനു ശേഷമാണ് അർജന്റീന ഫോമിലായത്. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെയും അവസാന മത്സരത്തിൽ പോളണ്ടിനെതിരെയും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീനയുടെ പ്രീക്വാർട്ടർ പ്രവേശനം. സൗദിക്കെതിരെ രണ്ടു ഗോൾ വഴങ്ങിയ ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ക്ലീൻഷീറ്റ് നേടിയ പ്രതിരോധനിര ഫോമിലാണ്.

22 ഗോൾഷോട്ടുകൾ നേടിയെങ്കിലും 5 ഗോൾ മാത്രമാണ് മൂന്നു മത്സരങ്ങളിലായി നേടിയത്. ലയണൽ മെസ്സിയുടെ ഫോം തന്നെയാണ് ശക്തി. ഓസ്ട്രേലിയ: ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് 4–1നു തോറ്റെങ്കിലും തുടർന്നുള്ള രണ്ടു മത്സരങ്ങളിലും ജയിച്ചു. രണ്ടു ക്ലീൻഷീറ്റുകൾ നേടി. മധ്യനിരയിൽ ക്രിയേറ്റിവ് മിഡ്ഫീൽഡറിന്റെ അഭാവം ടീമിനെ ബാധിക്കുന്നുണ്ട്. മുന്നേറ്റ നീക്കങ്ങൾ കുറവാണെങ്കിലും ആവശ്യമുള്ളപ്പോൾ ഗോൾ നേടാൻ സാധിച്ചതാണ് ടീമിനെ രക്ഷിച്ചത്.

നേർക്കുനേർ: കളി: 7
അർജന്റീന ജയം: 5
ഓസ്ട്രേലിയ ജയം:1‌
സമനില:1

ലയണൽ മെസ്സിക്ക് 1000–ാം മത്സരം

കരിയറിലെ 1000–ാമത് മത്സരത്തിന് ലയണൽ മെസ്സി ഇന്നിറങ്ങുന്നു. ബാർസിലോനയ്ക്കായി 778, പിഎസ്ജിക്കായി 53 മത്സരങ്ങൾ വീതം കളിച്ച മെസ്സി അർജന്റീന ജഴ്സിയിൽ 168–ാം മത്സരത്തിനാണ് ഇന്നിറങ്ങുക.

Leave a Reply