വിതരണത്തിനെത്തിച്ച എം.ഡി.എം.എ യുമായി കാസർഗോഡ് യുവാവ് പിടിയിൽ

0

കാസർകോട്:വിതരണത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി.കാസർകോട് വിദ്യാനഗർ മുട്ടത്തൊടിയിലെ വീട്ടിൽ നിന്നാണ് 37 കാരനായ മുഹമ്മദ് സവാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 61 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.ജില്ലയിലെ ലഹരിക്കടത്ത സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സവാദ് അലിയെന്ന് പൊലീസ് പറഞ്ഞു.

പ്രതി വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മുട്ടത്തൊടിയിലെ സവാദ് അലിയുടെ വീട്ടിൽ പൊലീസ് എത്തിയത്.വിപണിയിൽ ലക്ഷങ്ങൾ വില വരുന്നതാണ് സവാദിന്റെ പക്കൽ നിന്ന് പിടികൂടിയ സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയെന്ന് പൊലീസ് പറഞ്ഞു.ജില്ലയിൽ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.കർണാടകയിൽ നിന്നാണ് ഇതിനായി ഇയാൾ ലഹരി മരുന്ന് എത്തിച്ചിരുന്നതെന്നാണ് വിവരം.

സവാദ് അലിക്കെതിരെ നേരത്തെ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സവാദ് അലിക്ക് മയക്കുമരുന്ന് നൽകിയ ആളെയും പൊലീസ് തിരയുന്നുണ്ട്.ഇതിന് പുറമെ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം വർധിക്കാനുള്ള സാധ്യത കേരള പൊലീസ് മുന്നിൽ കാണുന്നുണ്ട്.ഇത് തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്‌പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കോട്ടയത്ത് വ്യക്തമാക്കിയിരുന്നു.

Leave a Reply