നൈജീരിയയില്‍ തടവിലായ ഇന്ത്യന്‍ നാവികര്‍ക്ക്‌ ഉടന്‍ മോചനമുണ്ടാകില്ല

0


കൊച്ചി: നൈജീരിയയില്‍ തടവിലായ 16 ഇന്ത്യന്‍ നാവികര്‍ക്ക്‌ ഉടന്‍ മോചനമുണ്ടാകില്ല. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ നൈജീരിയയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നാവികരുടെ അറസ്‌റ്റ്‌ പ്രചാരണവിഷയമായതാണു കാരണം. ക്രൂഡ്‌ ഓയില്‍ മോഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ്‌ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായിരിക്കുന്നത്‌. ഇതോടെ ആരു ജയിച്ചാലും ഇന്ത്യന്‍ നാവികര്‍ക്കു മോചനം എളുപ്പമാകില്ലെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
നിലവിലെ പ്രസിഡന്റ്‌ മുഹമ്മദ്‌ ബുഹാരിയുടെ പാര്‍ട്ടിയായ ഓള്‍ പ്രോഗ്രസീവ്‌സ്‌ കോണ്‍ഗ്രസ്‌ (എ.പി.സി.) രാജ്യാന്തരശ്രദ്ധ നേടിയ നാവികരുടെ അറസ്‌റ്റ്‌ സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. അധികാരത്തില്‍ തിരിച്ചെത്തിയാലും ഇന്ത്യന്‍നാവികര്‍ക്ക്‌ അവര്‍ അനുകൂലമാകില്ലെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ക്രൂഡ്‌ ഓയില്‍ മോഷണം സജീവമായത്‌ രാജ്യത്തിനു വന്‍ നഷ്‌ടമുണ്ടാക്കുന്നുവെന്ന്‌ നൈജീരിയയിലെ പ്രതിപക്ഷകക്ഷികളും വര്‍ഷങ്ങളായി ആരോപിക്കുന്നതാണ്‌. അതുകൊണ്ട്‌ പ്രതിപക്ഷം അധികാരത്തിലെത്തിയാലും രക്ഷയില്ല. ഈ സാഹചര്യത്തില്‍ അവിടെ തടവില്‍ കഴിഞ്ഞുകൊണ്ട്‌ നാവികര്‍ വിചാരണ നേരിടേണ്ടി വരും. കൊല്ലത്ത്‌ സ്‌ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്‌ത വിസ്‌മയയുടെ സഹോദരനടക്കം തടവിലാണ്‌.
എണ്ണമോഷണത്തില്‍ ഭരണകര്‍ത്താക്കള്‍ ശക്‌തമായ നടപടിയെടുക്കുന്നില്ലെന്ന ആരോപണത്തില്‍നിന്നു മുഖം രക്ഷിക്കാനും തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിക്കാനും നാവികരുടെ അറസ്‌റ്റ്‌ സഹായിക്കുമെന്നാണു നൈജീരിയയിലെ ഭരണകക്ഷിയുടെ പ്രതീക്ഷ. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പും ഹൗസ്‌ ഓഫ്‌ റപ്രസെന്റേറ്റീവ്‌സ്‌, സെനറ്റ്‌ തുടങ്ങിയവയിലേക്കുള്ള തെരഞ്ഞെടുപ്പും ഫെബ്രുവരി 25 നു നടക്കും. മാര്‍ച്ച്‌ 11 ന്‌ 36 സംസ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും 28 സ്‌റ്റേറ്റുകളിലെ ഗവര്‍ണര്‍മാരുടെ തെരഞ്ഞെടുപ്പുമുണ്ട്‌. ഇതിനുശേഷമേ നാവികരുടെ മോചനത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്കുപോലും നൈജീരിയ തയാറാകൂവെന്നാണ്‌ കേന്ദ്ര വിദേശകാര്യ മന്താലയത്തിന്റെ വിലയിരുത്തല്‍.

Leave a Reply