ചൈനയിലും ജപ്പാനിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലും കര്‍ശന നടപടികള്‍. ജനങ്ങള്‍ പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചു. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്‌തമാക്കും. വിദേശത്തുനിന്നെത്തുന്നവരില്‍ നിന്നു രോഗം പടരുന്നതു തടയാന്‍ വിമാനത്താവളങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഏതു സാഹചര്യവും നേരിടാന്‍ തയാറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത അടിയന്തര ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയില്‍ പടരുന്നത് ഒമിക്രോണിന്റെ ബി.എഫ്.7 പതിപ്പാണെന്നു വ്യക്‌തമായിട്ടുണ്ട്. ഇതു ബാധിച്ച നാലുപേരെയാണ് ഇന്ത്യയില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. മൂന്നു രോഗികള്‍ ഗുജറാത്തിലും ഒരാള്‍ ഒഡീഷയിലുമാണ്.
മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും കോവിഡ് ദേശീയ ടാസ്‌ക് ഫോഴ്‌സ് തലവനായ നിതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. തിരക്കേറിയ സ്‌ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രോഗങ്ങള്‍ ഉള്ളവരും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര യാത്രികര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ല.
എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിനായി അയയ്‌ക്കണമെന്നു സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളിലാണ് കോവിഡ് ബാധയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടായത്. അതിനാല്‍, ഈ രാജ്യങ്ങളില്‍ പടരുന്ന ഇനം കോവിഡ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ജനിതകശ്രേണീകരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്‌ഥാനങ്ങള്‍ക്ക് കത്തയച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 129 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ സജീവമായ കേസുകളുടെ എണ്ണം 3,408 ആണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,30,677 ആയി.
ചൈനയില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്താത്ത പ്രായം ചെന്നവരിലാണ് മരണമേറെയുണ്ടായിരിക്കുന്നതെന്ന് ഐ.എം.എ. കോവിഡ് സെല്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും ഭീകരമായ ഡെല്‍റ്റയ്‌ക്കുശേഷം അത്ര അപകടകാരിയല്ലാത്ത ഒമിക്രോണ്‍ വകഭേദം വ്യാപിക്കുമ്പോഴാണ് ചൈന ഇളവുകള്‍ നല്‍കിയതെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.