തെരഞ്ഞെടുപ്പ്‌ കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ ഒന്നാംപ്രതിയാകും

0


കോഴിക്കോട്‌: ബത്തേരി തെരഞ്ഞെടുപ്പ്‌ കോഴക്കേസില്‍ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയാകും. ഇതുസംബന്ധിച്ച്‌ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന്‌ ബി.ജെ.പി. നേതാക്കള്‍ 35 ലക്ഷംരൂപ കോഴ നല്‍കിയെന്ന കേസിലാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്‌. ഫോറന്‍സിക്‌ പരിശോധനയുടെ ഒരു ഫലംകൂടി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ സി.കെ. ജാനു രണ്ടാം പ്രതിയും വയനാട്ടിലെ ബി.ജെ.പി. നേതാവ്‌ പ്രശാന്ത്‌ മലവയലില്‍ മൂന്നാം പ്രതിയുമാണ്‌. കേസിലെ പ്രധാന തെളിവായ ഫോണ്‍ സംഭാഷണം ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്റേതുതന്നെയാണെന്ന്‌ ഫോറന്‍സിക്‌ പരിശോധനയില്‍ വ്യക്‌തമായിരുന്നു.
ജെ.ആര്‍.പി. സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ്‌ ഫോറന്‍സിക്‌ വിശദ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവ്‌ പ്രകാരം നടത്തിയ പരിശോധനയിലാണ്‌ ശബ്‌ദം സുരേന്ദ്രന്റേതാണെന്നു തെളിഞ്ഞത്‌.

LEAVE A REPLY

Please enter your comment!
Please enter your name here