പിതാവ് ഗാലറിയിലുണ്ടെങ്കിൽ തനിക്ക് ഇരട്ടി ശക്തി ;
റെക്കാഡുകൾ തുടർക്കഥയാക്കി, അച്ഛന്റെ പൊന്നുമോൾ

0

തിരുവനന്തപുരം: താൻ പാതി ദൈവം പാതിയെന്നല്ലേ സാറേ… ഇതാണ് എന്റെ ദൈവം… കൊവിഡിന് ശേഷമുള്ള സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ആദ്യ റെക്കോഡ് സ്വന്തം പേരിലെഴുതിച്ചേർത്ത സന്തോഷത്തിൽ പിതാവ് രാജുവിനെ ചേർത്തു നിറുത്തി അഖിലയിതുപറയുമ്പോൾ ഇരുവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. റബർ ടാപ്പിംഗ് തൊഴിലാളിയായ ഏറ്റകുടുക്ക കിണർമുക്കിലെ താലപ്പൊലിയിൽ ടി.എം.രാജുവും മകൾ അഖിലയും പരിശീലനത്തിനായി ബൈക്കിൽ ദിവസവും താണ്ടുന്നത് ഏകദേശം 100 കിലോമീറ്റർ ദൂരമാണ്. ഇല്ലായ്‌മിലും മിച്ചം പിടിച്ചും കടംവാങ്ങിയും അഖിലയ്ക്കൊപ്പം ദേശീയ, സംസ്ഥാന മീറ്റുകളിലെല്ലാം നിഴൽപോലെ രാജുവുണ്ട്. പിതാവ് ഗാലറിയിലുണ്ടെങ്കിൽ തനിക്ക് ഇരട്ടി ശക്തിയാണെന്നാണ് അഖിലയുടെ വിശ്വാസം.

പങ്കെടുക്കുന്നിടത്തെല്ലാം റെക്കാഡ് നേട്ടം തുടർക്കഥയാക്കിയിരിക്കുന്ന കാസർകോട് ചീമേനി ജി. എച്ച്.എസ്.എസിലെ അഖിലാ രാജു,​ സീനിയർ പെൺകുട്ടികളുടെ ഡിസ്‌കസ്ത്രോയിൽ 43.40 മീറ്റർ ദൂരത്തേയ്ക്ക് ഡിസ്ക് എറിഞ്ഞിട്ടാണ് അനന്തപുരിയിൽ പൊന്നണിഞ്ഞത്. സംസ്ഥാന ജൂനിയർ മീറ്റിൽ ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും റെക്കാഡോടെ സ്വർണം നേടിയിരുന്നു.അസാമിൽ നടന്ന ദേശീയ ജീനിയർ മീറ്റിൽ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയിരുന്നു.അഖിലയ്ക്ക് സ്‌പൈക്കിനായി തന്നെ ഒരുവർഷം 18000 രൂപയോളം ആകുന്നുണ്ട്. ദേശീയ മീറ്റുകൾക്ക് പോകുന്നതിന് 40,000 രൂപയോളം ചെലവുവരും. പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന് തന്നെ മാസ നല്ലൊരു തുകയാകും. വീട്ടിൽ നിന്ന് 25 കിലോമീറ്റർ ആകലെയുള്ള ചെറുവത്തൂരെ കെ.സി ത്രോസിൽ ഗിരീഷിന്റെ കീഴിലാണ് പരിശലനം. രാവിലേയും വൈകിട്ടുമാണ് പരിശീലനം.മീറ്രുകൾക്കും പരിശീലന ആവശ്യങ്ങൾക്കുമായി ആറ് ലക്ഷത്തോളം രൂപ ലോണെടുത്തിട്ടുണ്ട് രാജു. കഴിഞ്ഞയിടെ അസമിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടിയപ്പോൾ വ്യാപാരി വ്യവസായി സംഘടന 25,​000രൂപയും എസ്.എൻ.ഡി.പി ശാഖ നൽകിയ കാഷ് അവാർഡും നൽകിയിത് നന്ദിയോടെ ഓർക്കുന്നു രാജു. സർക്കാരിന്റെയോ ഏതെങ്കിലും സ്പോൺസർമാരുടെയൊ സഹായമുണ്ടെങ്കിലെ ഇനിയൊരു ദേശീയ മീറ്റിന് പോകാനാകൂവെന്ന് രാജു വിഷമത്തോടെ പറയുന്നു.

Leave a Reply