‘‘ഒരു ലീറ്റർ കള്ള് കുടിക്കണമെന്നുണ്ടായിരുന്നു സാറേ. അതു കഴിഞ്ഞ് കീഴടങ്ങാൻ തീരുമാനിച്ചതാണ്. പക്ഷേ, ഒന്നും നടന്നില്ല…’’

0

രാജാക്കാട്∙ ‘‘ഒരു ലീറ്റർ കള്ള് കുടിക്കണമെന്നുണ്ടായിരുന്നു സാറേ. അതു കഴിഞ്ഞ് കീഴടങ്ങാൻ തീരുമാനിച്ചതാണ്. പക്ഷേ, ഒന്നും നടന്നില്ല…’’ പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയശേഷം പിടിയിലായ കൊലപാതകക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോൻ (44) ഇന്നലെ തന്നെ പിടികൂടിയ ഉദ്യോഗസ്ഥരോടു പറഞ്ഞത് ഇങ്ങനെയാണ്. ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ വെട്ടിച്ചു കടന്നുകളഞ്ഞത്. 2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോനെ ബുധനാഴ്ച വൈകുന്നേരമാണു പ്രായമായ മാതാപിതാക്കളെ കാണാൻ പൊലീസ് സംരക്ഷണത്തിൽ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നാണ് 2 പൊലീസുകാരെ വെട്ടിച്ച് പൊന്മുടി വനത്തിലേക്ക് ജോമോൻ കടന്നുകളഞ്ഞത്.

മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെ 11 വരെയും തിരച്ചിൽ നടത്തി. രാത്രി മുഴുവൻ പൊന്മുടി ക്യാച്മെന്റ് ഏരിയയിൽ കഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ പൊലീസ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply