മൂന്നാം ടെസ്റ്റിലും ആതിഥേയർക്ക് ദയനീയ തോൽവി; ഇംഗ്ലണ്ടിന്റെ മൂന്നാം ടെസ്റ്റിലെ വിജയം ഒന്നര ദിവസത്തോളം ബാക്കി നിൽക്കെ

0

ലഹോർ: ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലും തോൽവിയേറ്റ് വാങ്ങി പാക്കിസ്ഥാൻ. അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ മിന്നും വിജയമാണ് ഇംഗ്ലീഷുകാർ പേരിലാക്കിയത്. കറാച്ചിയിൽ നാലാം ദിനം വെറും 55 റൺസ് മാത്രം വേണ്ടിയിരുന്ന ഇംഗ്ലണ്ട് 40 മിനിറ്റിനുള്ളിൽ തന്നെ ലക്ഷ്യത്തിലേക്കെത്തി. പാക്കിസ്ഥാനിൽ സമ്പൂർണ വിജയം സ്വന്തമാക്കി പുതിയ ചരിത്രമാണ് ഇംഗ്ലണ്ട് കുറിച്ചത്. ആദ്യ ഇന്നിങ്‌സിൽ ലീഡ് നേടിയതോടെ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലും വിജയം നേടുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

പാക്കിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 304 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 354 റൺസാണ് കുറിച്ചത്. 111 റൺസെടുത്ത ഹാരി ബ്രൂക്കിന്റെയും 64 റൺസെടുത്ത ബെൻ ഫോക്‌സിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. കടവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്ത പാക്കിസ്ഥാന് 216 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. നായകൻ ബാബർ അസം (54), സൗദ് ഷക്കീൽ (53) എന്നിവർക്ക് മാത്രമാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി റീഹാൻ അഹമ്മദ് 14.5 ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി. മൂന്ന് വിക്കറ്റുകൾ നേടി ജാക്ക് ലീച്ചും മികവ് കാട്ടിയതോടെ പാക്കിസ്ഥാന് മറുപടിയില്ലാതെ പോവുകയായിരുന്നു. ചെറിയ വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇംഗ്ലണ്ടിനായി സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ഉജ്വല തുടക്കമാണ് നൽകിയത്. 41 റൺസെടുത്ത ക്രൗളിയും 10 റൺസുമായി റീഹാനും പുറത്തായെങ്കിലും ഡക്കറ്റും നായകൻ ബെൻ സ്റ്റോക്‌സും ചേർന്ന് അനായാസം ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു.

78 പന്തിൽ ഡക്കറ്റ് 82 റൺസ് സ്വന്തമാക്കി. സ്റ്റോക്‌സ് 35 റൺസും പേരിൽ ചേർത്തു. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ആണ് മത്സരത്തിലെയും പരമ്പരയിലെയും താരം. ആദ്യമായാണ് സ്വന്തം നാട്ടിൽ പാക്കിസ്ഥാൻ സമ്പൂർണ തോൽവി വഴങ്ങുന്നത്. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ 74 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. മുൽട്ടാനിൽ എത്തിയപ്പോൾ ഇംഗ്ലണ്ടിന് മുന്നിൽ 26 റൺസിന്റെ തോൽവി പാക്കിസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു.

Leave a Reply