വിശുദ്ധ കുർബാനയെ അപമാനിച്ച ഫാ.ആന്റണി പൂതവേലിയെ പുറത്താക്കണം: അല്മായ മുന്നേറ്റം

0


കൊച്ചി: പള്ളിയിൽ നടന്നു കൊണ്ടിരുന്ന വിശുദ്ധ കുർബാനയെ അവഹേളിച്ചു കൊണ്ട് കുർബാന കുപ്പായം ധരിച്ചു അൾത്താരയുടെ മുന്നിൽ പുറം തിരിഞ്ഞു നിൽക്കുക വഴി വിശുദ്ധ കുർബാനയെ അപമാനിച്ച ഫാ.ആന്റണി പൂതവേലിയെ എറണാകുളം അതിരൂപതയുടെ വൈദീക കൂട്ടായ്മയിൽ നിന്ന് ഉടൻ പുത്താക്കണമെന്ന് അല്മായ മുന്നേറ്റം കോർഡിനേഷൻ സമിതി ആവശ്യപ്പെട്ടു.

എറണാകുളം ബസിലിക്കയിൽ ഫാ.ജോസ് ചോലിക്കര, ഫാ.സണ്ണി കളപുരക്കൽ, ഫാ. ജോസഫ് കുരീക്കൽ എന്നിവർ കുർബാന അർപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പോലീസ് സഹായത്തോടെ അതിക്രമിച്ചു കടന്ന് ഫാ.ആന്റണി പൂതവേലി സംഘർഷ അന്തരീക്ഷം ഉണ്ടാക്കുകയായിരുന്നുവെന്ന് അല്മായ മുന്നേറ്റം പ്രസ്താവനയില്‍ പറഞ്ഞു.
ആന്റണി പൂതവേലിയുടെ കൂടെ പള്ളിയിൽ പ്രവേശിച്ച പോലീസും ഗുണ്ടകളും അൾത്താരയിൽ പോലും കടന്നു കയറി വിശ്വാസ സമൂഹത്തെ വീണ്ടും മുറിവേൽപ്പിച്ചിരിക്കുക ആണെന്ന് അല്മായ മുന്നേറ്റം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഓശാന ഞായറാഴ്ച കർദിനാൾ ആലഞ്ചേരി പോലീസ് സഹായത്തോടെ വന്നു കുർബാനക്ക് വന്നത് പോലെ തന്നെയാണ് ഇന്ന് ആന്റണി പൂതവേലിക്ക് വേണ്ടി പോലീസ് പള്ളിയിൽ അതിക്രമിച്ചു കടന്നത്.

പോലിസ് പള്ളിയിലോ കോമ്പോണ്ടിലൊ കയറില്ല എന്ന് കോടതിയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കോടതി അവധിക്ക്‌ പിരിഞ്ഞ സമയം നോക്കി സർക്കാരിന്റെ മൗനഅനുവാദത്തോടെ പള്ളിയിൽ കടന്ന പോലിസ്, പള്ളിയിലെ ഏറ്റവും വിശുദ്ധ സ്ഥലമായി വിശ്വാസികൾ കാണുന്ന അൾത്താരയിൽ പോലും കടന്നു കയറി അക്രമത്തിനു സഹായം ചെയ്തു കൊടുക്കുക ആയിരുന്നു. ഇതിന് പിന്നിൽ സർക്കാരും കർദിനാൾ ആലഞ്ചേരിയും മാർ ആൻഡ്റൂസ് താഴത്തും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നിരിക്കുകയാണെന്ന് അല്മായ മുന്നേറ്റം പറഞ്ഞു. എറണാകുളം അതിരൂപതക്ക് പുറത്ത് നിന്ന് ഇവിടെ വന്നു താമസിക്കുന്ന 15പേർക്ക് വേണ്ടി അഞ്ചര ലക്ഷം വിശ്വാസികളുടെ മനസിനേറ്റ മുറിവിന് സർക്കാർ മറുപടി പറയേണ്ടി വരുമെന്നും അല്മായ മുന്നേറ്റം അതിരൂപത സമിതി ഓർമ്മിപ്പിച്ചു. ക്രമസമാധാന ചുമതല നിർവ്വഹിക്കേണ്ട പോലീസ് ഒരു കക്ഷിയുടെ പക്ഷം ചേരുന്നതിൽ ആഭ്യന്തര വകുപ്പു ബന്ധപ്പെട്ട പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം.

വിശുദ്ധ കുർബാനയെ അവഹേളിച്ച ആന്റണി പൂതവേലിയെ പരസ്യമായി മാപ്പ് പറയാതെ ഇനി എറണാകുളം അതിരൂപതയുടെ ഒരു പള്ളിയിലും കുർബാന അർപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹത്തെ അത് ഒരു വൈദികനായി പോലും പരിഗണിക്കില്ലെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

ഇന്ന് 6മണിക്ക് തുടങ്ങിയ വിശുദ്ധ കുർബാനക്ക് ശേഷം ക്രിസ്മസ് രാത്രി പാതിരാ കുർബാന വരെയും രാപകൽ തുടർച്ചയായി അതിരൂപത വൈദീകർ വിശുദ്ധ കുർബാന അർപ്പിക്കാൻ തീരുമാനം എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here