‘ഫൈവ് സ്റ്റാര്‍ കള്ളന്‍’ കൊല്ലത്ത് പിടിയില്‍!; മോഷണം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍, 200-ഓളം കേസുകള്‍

0



തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ മുങ്ങുന്നത് പതിവാക്കിയ ആൾ പിടിയില്‍. തമിഴ്നാട് സ്വദേശി വിൻസന്റ് ജോൺ (63) ആണ് കൊല്ലത്തുവച്ച് തിരുവനന്തപുരം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഹോട്ടല്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് വിന്‍സെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്. ഹോട്ടലിൽ മുറിയെടുത്തപ്പോൾ നൽകിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഇന്ത്യയൊട്ടാകെ 200 കേസുകളിലെ പ്രതിയാണ് വലയിലായിരിക്കുന്നത്. 11 കള്ളപ്പേരുകളുള്ള ഇയാൾ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന വിന്‍സെന്റ് ജോണ്‍ വ്യവസായി ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ജീവനക്കാരുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് ഏറ്റവും ഉയര്‍ന്നനിരക്കുള്ള മുറിയില്‍ താമസിച്ച് വിലകൂടിയ മദ്യവും ഭക്ഷണവുമെല്ലാം ഓര്‍ഡര്‍ ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിക്കും. ഇതിനിടെ ഹോട്ടലിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യും. പുറത്തുപോകുന്നുവെന്നു പറഞ്ഞ് ഹോട്ടലിൽനിന്ന് മുങ്ങുകയും ചെയ്യും. മുംബൈ നഗരത്തിലാണ് വിന്‍സെന്റിനെതിരേ ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here