ആദ്യം ലാലേട്ടൻ..പിന്നാലെ ഇപ്പോഴിത മമ്മൂട്ടിയും; ലോകകപ്പ് ഫൈനലിന് സാക്ഷിയാകാൻ ഖത്തറിലെത്തിയ സന്തോഷം പങ്കുവെച്ച് മമ്മൂട്ടി

0

ദോഹ: ലോകകപ്പിന്റെ കലാശ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിന്നാലെ മെഗാ സ്റ്റാർ മമ്മൂട്ടിയും ഖത്തറിലെത്തി. ഖത്തറിൽ മമ്മൂട്ടിക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകൾ നേർന്നു.

ഖത്തർ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹൻലാൽ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള അങ്കം കാണാൻ എത്തുന്നത്. ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹൻലാലിന്റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറിൽ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്റെ ഫുട്‌ബോൾ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവൻസ് മൈതാനങ്ങളിൽ നിന്ന് ലോക ഫുട്‌ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്റെ ദൃശ്യാഖ്യാനം.

ബറോസിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. അതേസമയം, ഖത്തറിലെ വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാൻ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാൽപ്പന്ത് കളിയെ ജീവിതത്തോട് ചേർത്തുപിടിക്കുന്ന മലയാളികൾക്ക് ലോക പോരാട്ടങ്ങൾ കാണാൻ വലിയ അവസരങ്ങൾ ഒരുക്കിയാണ് ഖത്തർ 2022 വിടവാങ്ങുന്നത്.

ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ട്രോഫി അനാച്ഛാദനം ചെയ്യാനായി ബോളിവുഡ് താരം ദീപിക പദുകോണും ഖത്തറിലേക്ക് പറന്നിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ദീപിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് അറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here