സംസ്ഥാനത്ത് യഥേഷ്ടം ബാറുകൾക്ക് അനുമതി നൽകുമ്പോഴും പുതിയതായി ഒരു ബവ്റിജസ് ഔട്‌ലെറ്റ് പോലും തുറക്കാനാകുന്നില്ല. ഈ വർഷം പുതിയതായി 23 ബാറുകൾക്കു കൂടി ലൈസൻസ് അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 718 ആയി. എന്നാൽ ബവ്റിജസ് ഔട്‌ലെറ്റിൽ അപരിഷ്കൃതമായ നിലയ്ക്കുള്ള തിരക്കാണെന്നു ഹൈക്കോടതി തന്നെ വിമർശിച്ചിട്ടും ഈ വർഷം ഒന്നു പോലും പുതിയതായി തുറന്നില്ല. പൂട്ടിപ്പോയ 68 ഔട്‌ലെറ്റ് പുനരാരംഭിക്കാനും ബവ്കോ ശുപാർശ ചെയ്ത 175 പുതിയ ഔട്‌ലെറ്റിൽ ആവശ്യമായവ തുടങ്ങാനും കഴിഞ്ഞ മേയിൽ സർക്കാർ ഉത്തരവിട്ടിരുന്നു.
bar-outlets
2016ൽ ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ 29 ബാറും 306 ബവ്കോ ഔട്‌ലെറ്റുമാണുണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട 440 ബാർ ലൈസൻസ് ഇടതു സർക്കാർ പുതുക്കി നൽകി. പുറമേയാണ് 249 പുതിയ ലൈസൻസ് കഴിഞ്ഞ ആറര വർഷത്തിനിടെ കൊടുത്തത്. മേയിൽ പുതിയ ബവ്കോ ഔട്‌ലെറ്റുകൾ തുടങ്ങാൻ തീരുമാനിച്ചശേഷമാണ് 20 പുതിയ ബാർ ലൈസൻസ് അനുവദിച്ചത്. യുഡിഎഫ് കാലത്തു പൂട്ടിപ്പോയവയിൽ, അപേക്ഷിച്ച ബാറുകൾക്കെല്ലാം ലൈസൻസ് നൽകിയെങ്കിൽ അതേ നയത്തിന്റെ പേരിൽ പൂട്ടിയ 68 ഔട്‌ലെറ്റിൽ ഒന്നു പോലും തുറന്നില്ല.
ബാർ ലൈസൻസിനു ക്ലാസിഫിക്കേഷൻ മാനദണ്ഡമുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിൽനിന്നു ഹോട്ടലിനു ക്ലാസിഫിക്കേഷൻ എടുത്തശേഷമാണു ബാർ ലൈസൻസിന് അപേക്ഷിക്കേണ്ടത്. നക്ഷത്ര പദവി മാറുന്നതനുസരിച്ചു ദൂരപരിധിയിലും വ്യത്യാസം വരും. ത്രീ സ്റ്റാറിന് 200 മീറ്റർ അകലം വേണമെങ്കിൽ, ഫോർ സ്റ്റാറിനും അതിനു മുകളിലേക്കും 50 മീറ്റർ മതി. ജനവാസ കേന്ദ്രമാണോ എന്നതുൾപ്പെടെ പരിശോധനകളും നടത്തണം. അന്വേഷിക്കാൻ കൂടുതൽ കാര്യങ്ങളുണ്ടെങ്കിലും ബാർ ലൈസൻസിനുള്ള അപേക്ഷ വരുമ്പോൾ ബുദ്ധിമുട്ടിക്കരുതെന്ന വാക്കാലുള്ള നിർദേശം ചില കേന്ദ്രങ്ങളിൽനിന്ന് ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്.
അതേസമയം, നടപടിക്രമം എളുപ്പമാണെങ്കിലും എവിടെയെങ്കിലും ബവ്കോ ഔട്‌ലെറ്റ് തുടങ്ങാൻ ആലോചിക്കുമ്പോൾത്തന്നെ പരാതികളും ഉദ്യോഗസ്ഥർക്കുമേലുള്ള സമ്മർദവും പ്രലോഭനവുമേറുന്നു. തിരക്കു കുറയ്ക്കാനുള്ള കോടതി നിർദേശപ്രകാരം 90 അധിക കൗണ്ടറുകൾ തുടങ്ങിയതും ഏതാനും എണ്ണം മാറ്റി സ്ഥാപിച്ചതും മാത്രമാണ് ഇതുവരെയുണ്ടായ നടപടി. കഴിഞ്ഞവർഷം അവസാനം ഒരു ഔട്‌ലെറ്റും തുറന്നു. ബാറുകൾക്കും മദ്യക്കമ്പനികൾക്കും ലാഭമുണ്ടാക്കാനുള്ള തീരുമാനം തുടർച്ചയായി എടുക്കുന്ന സർക്കാർ സ്വന്തം ഔട്‌ലെറ്റുകളെ തഴയുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ സാമ്പത്തിക വർഷം 13212 കോടി രൂപയാണു ബവ്കോ സർക്കാരിനു നൽകിയ വരുമാനം.