മാസ്‌ക്കില്‍ അലംഭാവമരുത്‌: പ്രധാനമന്ത്രി

0


ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മാസ്‌ക്‌ ധരിക്കുന്നതില്‍ അലംഭാവമരുതെന്നു മോദി.
ഇന്നലെ ചേര്‍ന്ന ഉന്നതതല കോവിഡ്‌ അവലോകന യോഗത്തിനുശേഷമാണ്‌ പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കിയത്‌. വൈറസ്‌ഭീതി അകലാത്ത സാഹചര്യത്തില്‍ എല്ലാവരും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ്‌ പരിശോധനയും നിരീക്ഷണവും ശക്‌തമാക്കണം. പൊതുഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക്കും സാനിറ്റൈസറും ഒഴിവാക്കരുത്‌.
വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണം. ആശുപത്രികള്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്‌ജമായിരിക്കണം. നഴ്‌സുമാരുടെയും ഇതര വിദഗ്‌ധരുടെയും സേവനവും മരുന്നുകളുടെയും വാക്‌സിനുകളുടെയും ലഭ്യത സംസ്‌ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ പ്ലാന്റുകള്‍ എന്നിവ ക്രമീകരിക്കുന്നതിന്‌ സവിശേഷ പരിഗണന നല്‍കണം. കരുതല്‍ ഡോസ്‌ നല്‍കുന്നതില്‍ വയോധികര്‍ക്കും വിവിധ രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും മോദി നിര്‍ദേശിച്ചു.
ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സംസ്‌ഥാന സര്‍ക്കാരുകള്‍ ഊന്നല്‍ നല്‍കണം. പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം. ജനിതകശ്രേണീകരണത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന നിര്‍ദേശവും അവലോകന യോഗാനന്തരം പുറപ്പെടുവിച്ച പത്രക്കുറിപ്പിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വ്യക്‌തമാക്കി.
ചൈനയില്‍ വ്യാപക രോഗബാധയ്‌ക്കു കാരണമായ കൊറോണാ വൈറസിന്റെ ഒമിക്രോണ്‍ വകഭേദമായ ബി.എഫ്‌.7 ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു യോഗം. ഗുജറാത്തിലും ഒഡീഷയിലുമാണ്‌ പുതിയ വകഭേദം സാന്നിധ്യമറിയിച്ചത്‌. ഗുജറാത്തിലെ രോഗികള്‍ വൈറസ്‌ മുക്‌തരായെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply