ശബരിമല: വ്രതശുദ്ധിയുടെ 41 പകലിരവുകള്‍ക്ക് സമാപനം. സന്നിധാനത്തു നടന്ന മണ്ഡലപൂജ ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി. തങ്കഅങ്കി പ്രഭയില്‍ വിളങ്ങിയ ഭഗവാന്റെ തേജോമയരൂപം ആയിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയായി. ഇന്നലെ ഉച്ചയ്ക്ക് 12.30നും ഒന്നിനും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്. പാണികൊട്ടി സ്‌നാനഘട്ടത്തില്‍ കലശാഭിഷേകവും കളഭാഭിഷേകവും നടന്നു. തുടര്‍ന്ന് പ്രസന്ന പൂജ, ദീപാരാധന എന്നിവയോടു കൂടി മണ്ഡലപൂജ പൂര്‍ത്തിയാക്കി.
രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ ശരണ മന്ത്രധ്വനികളുടെ ഒരു മണ്ഡലകാലത്തിന് ശുഭപര്യവസാനം. മകരവിളക്ക് മഹോത്സവത്തിനായി 30 ന് െവെകിട്ട് അഞ്ചിന് നടതുറക്കും. 14 നാണ് മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിനു ശേഷം 20ന് ശബരിമല നട അടയ്ക്കും. 20ന് രാത്രി വരെയായിരിക്കും തീര്‍ഥാടകര്‍ക്ക് ദര്‍ശനം. മകരവിളക്ക് ദിവസം മുതല്‍ 17 വരെ എല്ലാദിവസവും മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാം പടിയിലേക്ക് ധര്‍മ്മശാസ്താവിന്റെ എഴുന്നള്ളത്ത് നടക്കും. 18 ന് ശരംകുത്തിയിലേക്കാണ് എഴുന്നള്ളത്ത്,
19ന് രാത്രി മാളികപ്പുറത്ത് ഗുരുതി. 20ന് രാവിലെ 6.30ന് രാജ പ്രതിനിധിയുടെ ദര്‍ശനം കഴിഞ്ഞ് തിരുനട അടയ്ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ: അനന്തഗോപന്‍, അംഗം അഡ്വ: എസ്.എസ്. ജീവന്‍, സ്‌പെഷല്‍ കമ്മിഷണര്‍ മനോജ്, എ.ഡി.ജി.പിയും ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായ എം.ആര്‍.അജിത്കുമാര്‍ എന്നിവര്‍ മണ്ഡലപൂജ ദര്‍ശിക്കാന്‍ എത്തിയിരുന്നു.
തൃക്കേട്ട നാള്‍ രാജരാജ വര്‍മ പന്തളം രാജപ്രതിനിധി
പന്തളം: തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ പന്തളം കൊട്ടാരം വലിയരാജ മകയിരംനാള്‍ രാഘവ വര്‍മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ടനാള്‍ രാജരാജ വര്‍മ(67)യെ നിശ്ചയിച്ചു.
ശബരിമലയില്‍ മകരവിളക്ക് ദിവസം വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 12 നാണ് പുറപ്പെടുന്നത്.
ഊട്ടുപുര കൊട്ടാരത്തില്‍ മാലതി തമ്പുരാട്ടിയുടെയും പുത്തന്‍ചിറ താന്നിയില്‍ മതിയത്ത് ഇല്ലത്ത് രാമന്‍ നമ്പൂതിരിയുടെയും മൂത്ത മകനാണു രാജരാജ വര്‍മ. കേരള സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടിയശേഷം പ്രീമിയര്‍ കേബിള്‍സ്, പാറ്റ്്്്്‌സ്വിന്‍ എന്നീ കമ്പനികളില്‍ ജോലിനോക്കി. എറണാകുളം ലക്ഷ്മി ഹോസ്പിറ്റലില്‍ നിന്നും ഫിനാന്‍സ് മാനേജരായി വിരമിച്ചു. ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ സീരിയലുകളിലും അഭിനയിച്ചു.
എറണാകുളം വാര്യം റോഡില്‍ മംഗള ലെയിന്‍ കമാസിലാണ് താമസം. െവെക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമ വര്‍മയാണു ഭാര്യ. രമ്യ ആര്‍.വര്‍മ, സുജിത്ത് വര്‍മ. എന്നിവര്‍ മക്കളും അഭിലാഷ് ജി.വര്‍മ മരുമകനുമാണ്. പന്തളം കൊട്ടാരം നിര്‍വാഹകസംഘം ജോയിന്റ് സെക്രട്ടറി സുരേഷ് വര്‍മ, സുലോചന തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സരള തമ്പുരാട്ടി, സുമ തമ്പുരാട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
പന്തളത്ത് തിരുവാഭരണ ദര്‍ശനം 31 മുതല്‍
പന്തളം: ശബരിമല മണ്ഡലകാലം അവസാനിച്ചതോടെ പന്തളത്ത് തിരുവാഭരണ ദര്‍ശനം ഇനി 31 പുലര്‍ച്ചെ അഞ്ചു മണി മുതലേ ഉണ്ടാവുകയുള്ളുവെന്ന് കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണ വര്‍മ അറിയിച്ചു.