ദലൈലാമയുടെ സന്ദര്‍ശനസ്‌ഥലത്ത്‌ ചൈനീസ്‌ യുവതി പിടിയില്‍

0


പട്‌ന: തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ സന്ദര്‍ശനം നടത്തുന്ന ബിഹാറിലെ ബോധ്‌ഗയയില്‍നിന്നു ചൈനീസ്‌ യുവതി പിടിയില്‍.
വിസ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തങ്ങിയ ഇവരെ 24 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണു ബോധ്‌ഗയയില്‍ കണ്ടെത്തിയത്‌. ചൈനയുടെ കണ്ണിലെ കരടായ ദലൈ ലാമയുടെ സന്ദര്‍ശനത്തിന്റെ പശ്‌ചാത്തലത്തില്‍, ദുരൂഹതയുണര്‍ത്തുന്നതാണു സംഭവം.
പിടിയിലായ സോങ്‌ സിയാവോലാന്‍ എന്ന യുവതിയെ ബോധ്‌ഗയ പോലീസ്‌ സ്‌റ്റേഷനില്‍ ചോദ്യംചെയ്‌തുവരുകയാണെന്നു മഗധ റേഞ്ച്‌ ഐ.ജി: എം.ആര്‍. നായിക്ക്‌ വ്യക്‌തമാക്കി. വിസ കാലാവധി കഴിഞ്ഞ യുവതിയെ ദുരൂഹസാഹചര്യത്തില്‍ പിടികൂടിയ വിവരം ഡല്‍ഹിയിലെ ചൈനീസ്‌ എംബസിയേയും അറിയിച്ചു. കഴിഞ്ഞ 22-നു ബോധ്‌ഗയയിലെത്തിയ ദലൈ ലാമ ഫെബ്രുവരി ഒന്നുവരെ ഇവിടെയുണ്ടാകും. ബുദ്ധമതാചാരത്തിന്റെ ഭാഗമായ, 10 ദിവസത്തെ കാല്‍ചക്ര ഉത്സവത്തില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം എത്തിയത്‌.
ദലൈ ലാമയുടെ സന്ദര്‍ശനസ്‌ഥലത്തു ചൈനീസ്‌ യുവതിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌ ബിഹാര്‍ പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തി. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ്‌ ഇവര്‍ പിടിയിലായത്‌. തെരച്ചിലിന്റെ ഭാഗമായി യുവതിയുടെ രേഖാചിത്രവും പാസ്‌പോര്‍ട്ട്‌, വിസ വിവരങ്ങളും പോലീസ്‌ പുറത്തുവിട്ടിരുന്നു. സംഭവത്തേത്തുടര്‍ന്ന്‌ ദലൈ ലാമയുടെ സുരക്ഷ കൂടുതല്‍ ശക്‌തമാക്കി. ബോധ്‌ഗയയില്‍ പോലീസിനു പുറമേ കേന്ദ്ര പോലീസ്‌ സേനയേയും സി.ആര്‍.പി.എഫിനെയും വിന്യസിച്ചു.
ദലൈ ലാമയുടെ സംഘത്തിലുള്ളവര്‍ക്കുപോലും പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. കാല്‍ചക്ര മൈതാനത്തിനു ചുറ്റും നൂറിലേറെ സി.സി. ടിവി ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here