വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഏഴ് ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചത്. ഇതില്‍ അഞ്ചും അംഗീകരിച്ചുകഴിഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ല എന്നതില്‍ മാത്രമാണ് സര്‍ക്കാരിന് കടുംപിടുത്തമുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് മണിക്കൂറും 45 മിനിറ്റുമാണ് ചര്‍ച്ച നീണ്ടുനിന്നത്.

സമരത്തിന്റെ പേരില്‍ ആര്‍ച്ച്്ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കില്ല. സമരക്കാര്‍ക്ക് എതിരായ കേസുകള്‍ സ്വഭാവിക നടപടിയാണ്. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായാണ് വൈദികര്‍ക്കെതിരെ ഉള്‍പ്പെടെ കേസെടുത്തിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തില്ലെന്ന് കോടതിയില്‍ നല്‍കിയ ഉറപ്പാണ് ലംഘിച്ചിരിക്കുന്നത്. സമരാഹ്വാനം നല്‍കിയവരില്‍ ചലരെ മാത്രം ഒഴിവാക്കാന്‍ പറ്റില്ല. മുഖം നോക്കിയല്ല കോടതി നടപടിയെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് ആരോപണം അദ്ദേഹം തള്ളി. സമരം തുടങ്ങിയത് ഓഗസ്റ്റ് 16നാണ്. 19ന് തന്നെ ചര്‍ച്ച തുടങ്ങിയിരുന്നു.
ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അഞ്ച് ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. താനുമായി സമരത്തിന്റെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഔദ്യോഗികവും അനൗദ്യോഗികവുമായ ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചയ്ക്കിടെ ആലോചനയ്ക്ക് പോകുന്ന നേതാക്കള്‍ പിന്നീട് തിരിച്ചുവരുമ്പോള്‍ കടുത്ത നിലപാടുമായാണ് എത്തുന്നത്. അതില്‍ മറ്റെന്തിലും ഇടപെടലുണ്ടോയെന്ന സംശയിക്കേണ്ടിയിരിക്കുന്നു.

തീരശോഷം സംബന്ധിച്ച് നേരത്തെ രണ്ട് പഠനങ്ങള്‍ നടന്നിരുന്നു. അവ രണ്ടും പദ്ധതിക്ക് അനുകൂലമാണ്. എന്നാല്‍ സമരസമിതിയുടെ ആവശ്യപ്രകാരം തീരശോഷണം പഠിക്കാന്‍ ഏജന്‍സിയെ വയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. സമരസമിതി അതിന് പൂര്‍ണ്ണ സമ്മതവും അറിയിച്ചിരുന്നു. നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ച പിരിഞ്ഞത്. എന്നാല്‍ പിന്നീട് വീണ്ടും കടുത്ത നിലപാട് സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2014ല്‍ അന്നത്തെ സര്‍ക്കാര്‍ പ്രതിനിധിയായ കെ.ബാബു നിയമസഭയില്‍ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു പിന്നില്‍ മറ്റുശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും വ്യക്തമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ഇന്ന് സമരം നടത്തുന്നവരെ കുറിച്ചല്ല, തുറമുഖത്തിന്റെ സാധ്യത പഠനത്തിനെതിരെ സമരം നടത്തുന്നവരുടെ പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നാണ് അന്ന് പരിശോധിക്കാന്‍ പറഞ്ഞതെന്നും കെ.ബാബു മറുപടി നല്‍കി.

സര്‍ക്കാര്‍ അംഗീകരിച്ച അഞ്ച് ആവശ്യങ്ങളില്‍ എന്ത് തീരുമാനം എടുത്തുവെന്ന് വ്യക്തമാക്കണമെന്ന് ഇടയ്ക്ക് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരേയും വേലിയേറ്റ പ്രദേശത്ത് 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെയും പുനരധിവസിപ്പിക്കാന്‍ പുനര്‍ഗേഹം പദ്ധതി നടപ്പാക്കി. ഇതുപ്രകാരം 275 വീടുകള്‍ പൂര്‍ത്തികരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. 340 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റും 475 കുഒടുംബങ്ങള്‍ക്ക് ഫ്്‌ളാറ്റും നിര്‍മ്മിച്ചു നല്‍കി. അവശേഷിക്കുന്ന ഭവന രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍ത്തിക്കാന്‍ മുട്ടത്തറയില്‍ എട്ട് ഏക്കര്‍ സ്ഥലം ഏെറ്റടുത്തു. ഒന്നര വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

മണ്ണെണ്ണ സബ്‌സിഡി-പാരമ്പര്യേത ഊര്‍ജസ്രോതസ്സുകളിിേലക്ക് മാറണമെന്നുള്ളതും ഒറ്റത്തവണ സബ്‌സിഡിയൂം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കാലാവസ്ഥ ദുരിതത്തില്‍ 1200 രൂപ വീതം ഒരോ കുടുംബത്തിനും നല്‍കി. കാലാവസ്ഥ മുന്നറിയിപ്പ് മൂലം തൊഴിലിന് പോകാതെ വരുമ്പോള്‍ കൃത്യമായ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ഇത് തുടര്‍ന്നും ഉണ്ടാകും. മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറിനെ കുറിച്ചുള്ള ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുകയാണ്.

ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ 1000ല്‍ പരം വീടുകള്‍ക്ക് ജലകണക്ഷന്‍ നല്‍കിക്കഴിഞ്ഞൂ. കോട്ടപ്പുറത്ത് സീഫുഡ് പാര്‍ക്ക് വരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. പദ്ധതി പ്രദേശത്ത് ഒട്ടനവധി സാമൂഹിക സേവനങ്ങള്‍ കൊണ്ടുവരും.

വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ മാത്രമേ സര്‍ക്കാരിന് കടുംപിടുത്തമുള്ളുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കേസുകള്‍- വിഴിഞ്ഞത്ത്് കുഴപ്പമുണ്ടാക്കണമെന്ന് ചില കടുംപിടുത്തം പിടിച്ചാലും സര്‍ക്കാര്‍ സംയമനം വിട്ടിട്ടില്ല. അക്രമസംഭവങ്ങളുണ്ടായാല്‍ കേസെടുക്കുന്നത് ആദ്യ സംഭവമല്ല. ആര്‍ക്കെതിരെ കേസെടുക്കണമെന്നത് സര്‍ക്കാരല്ല തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്.

കേന്ദ്രസേന- തുറമുഖം പോലെ തന്ത്രപ്രധാന മേഖലയില കേന്ദ്രസേന വേണമെന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ അതിനെ സര്‍ക്കാര്‍ അനുകൂലിച്ചുവെന്ന് വ്യാജപ്രചാരണം നടത്തുകയാണ്. വ്യവസായ മേഖലകളില്‍ കേന്ദ്രസേനയുടെ സംരക്ഷണമുണ്ട്. തുറമുഖ നിര്‍മ്മാണ കരാര്‍ പ്രകാരം കമ്പനി ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പാക്കണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here