സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടി; ആരതിയെ പിഎസ്‌സി അഭിമുഖത്തിന് ക്ഷണിച്ചു

0


പാലക്കാട്: തുക അടച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങാനാകാത്തതു കാരണം പിഎസ്‌സി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതിയുടെ സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടി. സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടിയതോടെ ആരതിയെ പിഎസ്‌സി അഭിമുഖത്തിന് ക്ഷണിച്ചു. പി.എസ്.സി ജില്ലാ ഓഫീസ് ആരതിയുടെ സർട്ടിഫിക്കറ്റ് പരിശോധിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി നാളെയെത്താന്‍ ആരതിയ്ക്ക് പിഎസ്‌സിക്ക് നിര്‍ദേശം നല്‍കി.

നഴ്സിങ്ങ് സ്കൂളിൽ നൽകിയ സർട്ടിഫിക്കറ്റ് തിരിച്ചുകിട്ടാതെ വന്നതോടെ തൊഴിൽ സാധ്യതയടഞ്ഞ ആരതിയുടെ വാർത്ത മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പിഎസ്‌സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന്റെ അവസാന ഘട്ടത്തില്‍ ആരതിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനായിരുന്നില്ല. ഇതോടെ അഭിമുഖത്തില്‍ പങ്കെടുക്കാതെ മടങ്ങേണ്ടി വരികയായിരുന്നു.

2015 ലാണ് ആരതി പാലക്കാട് ഗവ. നഴ്‌സിങ് കോഴ്‌സിന് ചേര്‍ന്നത്. ആറ് മാസത്തിന് ശേഷം ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെ പഠനം പാതി വഴിയില്‍ മുടങ്ങി. ഇക്കാര്യം സ്ഥാപനത്തെ അറിയിക്കുകയും ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടാന്‍ പല തവണ നഴ്‌സിങ് സ്ഥാപനത്തെ ബന്ധപ്പെട്ടെങ്കിലും പണമടക്കാതെ തിരിച്ചു നല്‍കില്ലെന്നായിരുന്നു സ്ഥാപനത്തിന്റെ മറുപടി.

Leave a Reply