കോവളത്ത്‌ വിദേശവനിതയെ കൊന്ന കേസ്‌: പ്രതികള്‍ കുറ്റക്കാര്‍; വിധി അഞ്ചിന്‌

0


തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്‌ക്കായി കോവളത്തെത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന്‌ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം അഞ്ചിനു വിധിക്കും.
നാലര വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പോലീസിനെ വട്ടംചുറ്റിച്ച, ലാത്വിയന്‍ വനിതയുടെ കൊലപാതകക്കേസിലാണു വിധി. വിദേശ വനിതയെ കഞ്ചാവ്‌ ബീഡി നല്‍കി വശീകരിച്ച പ്രതികള്‍, ആളൊഴിഞ്ഞ സ്‌ഥലത്തു വച്ച്‌ ബലാത്സംഗം ചെയ്‌തശേഷം കൊന്നു കെട്ടിത്തൂക്കുകയായിരുന്നു. തിരുവല്ലം സ്വദേശികളായ ഉമേഷ്‌(28), ഉദയകുമാര്‍(24) എന്നിവരാണു പ്രതികള്‍. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നു വ്യക്‌തമാക്കിയ കോടതി, ഡിവൈ.എസ്‌.പി: ജെ.കെ. ദിനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ പ്രശംസിക്കുകയും ചെയ്‌തു.
2018 മാര്‍ച്ച്‌ 14-ന്‌ തിരുവനന്തപുരം പോത്തന്‍കോട്‌ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ 40 വയസുകാരിയായ ലാത്വിയന്‍ വനിതയെ ടൂറിസ്‌റ്റ്‌ ഗൈഡ്‌ ചമഞ്ഞ്‌ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കഞ്ചാവ്‌ ബീഡി നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിക്കുകയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ്‌ കേസ്‌. സഹോദരിക്കൊപ്പം ചികിത്സയ്‌ക്കെത്തിയ യുവതിയുടെ മൃതദേഹം 38 ദിവസങ്ങള്‍ക്കുശേഷം പൊന്തക്കാട്ടില്‍നിന്നാണ്‌ കണ്ടെത്തിയത്‌. ഡി.എന്‍.എ. പരിശോധനയിലാണ്‌ മൃതദേഹം വിദേശ വനിതയുടേതാണെന്നു സ്‌ഥിരീകരിച്ചത്‌. രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു ഇത്‌. നീതിക്കായുള്ള പോരാട്ടത്തിന്‌ നല്ല മനസുള്ള ധാരാളം പേര്‍ ഒപ്പം നിന്നതായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു.
കടുത്ത വിഷാദരോഗം ബാധിച്ച ലാത്വിയന്‍ യുവതി ആയുര്‍വേദ ചികില്‍സയ്‌ക്കായാണ്‌ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം കേരളത്തിലെത്തിയത്‌. ലാത്വിയയിലാണു കുടുംബവീടെങ്കിലും അയര്‍ലന്‍ഡിലായിരുന്നു താമസം. ഹോട്ടല്‍ മാനേജെ്‌മന്റ്‌ രംഗത്തായിരുന്നു യുവതിയും സഹോദരിയും പ്രര്‍ത്തിച്ചിരുന്നത്‌. മാര്‍ച്ച്‌ 14നു രാവിലെ ഒന്‍പതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാനില്ലെന്ന്‌ അന്നുതന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തന്‍കോട്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.
തുടക്കത്തില്‍ അന്വേഷണം ഉണ്ടായില്ല. കോവളം ബീച്ചിലേക്ക്‌ ഓട്ടോറിക്ഷയിലെത്തിയ യുവതി 800 രൂപ ഡ്രൈവര്‍ക്കു നല്‍കിയെന്നും തുടര്‍ന്നു നടന്നുപോയെന്നും അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചു. കോവളത്തെ ചില സ്‌ഥാപനങ്ങളിലെ സി.സി. ടിവി കാമറകള്‍ പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. വിഷാദരോഗിയായ യുവതി കടലില്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്ന സാധ്യതയില്‍ കടല്‍ത്തീരങ്ങളില്‍ ആദ്യഘട്ട അന്വേഷണം നടത്തി.ചൂണ്ടയിടാന്‍പോയ യുവാക്കളാണ്‌ ഒരുമാസത്തിനുശേഷം അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്‌. ഡി.എന്‍.എപരിശോധനയിലൂടെ മരിച്ചതു വിദേശവനിതയാണെന്നു വ്യക്‌തമായി. ചീട്ടുകളി പതിവാക്കിയ ആളുകളില്‍നിന്ന്‌ പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചു.
കോവളം ബീച്ചില്‍നിന്നു വാഴമുട്ടത്തെ കണ്ടല്‍ക്കാടിന്‌ അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്‌റ്റ്‌ ഗൈഡ്‌ എന്ന വ്യാജേന ഉമേഷ്‌ കെണിയില്‍ വീഴ്‌ത്തുകയായിരുന്നു. സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നല്‍കി കാടിനുള്ളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. വൈകിട്ടോടെ ബോധംവീണ്ടെടുത്ത യുവതി കണ്ടല്‍ക്കാട്ടില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സമീപത്തുള്ള മരത്തില്‍ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികള്‍ സ്‌ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ്‌ വള്ളി അഴുകിയതിനെത്തുടര്‍ന്നു ശരീരം പൊട്ടിവീണു, ശിരസ്‌ അറ്റുപോയി.
അന്നത്തെ തിരുവനന്തപുരം ഐ.ജി: മനോജ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ ഡിവൈ.എസ്‌.പി: ജെ.കെ. ദിനിലിന്‌ അന്വേഷണച്ചുമതല നല്‍കിയതോടെ പ്രതികള്‍ വലയിലായി. മോഹന്‍ രാജ്‌ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു. കോടതി നടപടി സഹോദരിക്ക്‌ ഓണ്‍ലൈന്‍ വഴി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ആത്മഹത്യയാക്കാനുള്ള ശ്രമം വിജയിച്ചില്ല

വിദേശ വനിതയ്‌ക്ക്‌ വൈറ്റ്‌ ബീഡി (കഞ്ചാവ്‌ ബീഡി) നല്‍കിയ ശേഷം കോവളം കണ്ടല്‍ക്കാട്ടില്‍ എത്തിക്കുകയായിരുന്നു. ടൂറിസ്‌റ്റ്‌ ഗൈഡ്‌ ഉദയകുമാര്‍(24), സുഹൃത്ത്‌ ഉമേഷ്‌ (28) എന്നിവര്‍ ചേര്‍ന്ന്‌ ആസൂത്രിതമായി പദ്ധതി ഒരുക്കുകയായിരുന്നു.
ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ ശ്രമം. ലാത്വിയന്‍ യുവതിയെ ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങള്‍ കാണിക്കാമെന്നും കഞ്ചാവ്‌ ബീഡി (വൈറ്റ്‌ ബീഡി) നല്‍കാമെന്നും പ്രലോഭിപ്പിച്ച്‌ കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.
ഇതിനുശേഷം കാട്ടുവള്ളി മൃതദേഹത്തിന്റെ കഴുത്തില്‍ കുടുക്കി കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റാനായിരുന്നു ശ്രമം. യുവതിയുടെ മൃതദേഹത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ്‌ പ്രതികളിലേക്ക്‌ അന്വേഷണം ചെന്നെത്തിയത്‌.
കഞ്ചാവ്‌ ബീഡി നല്‍കി മയക്കി കിടത്തി പീഡിപ്പിക്കുകയും ഉറക്കമുണര്‍ന്നശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെത്തുടര്‍ന്ന്‌ കൊലപ്പെടുത്തിയെന്നാണ്‌ പ്രതികളുടെ കുറ്റസമ്മത മൊഴിയായി പോലീസ്‌ കോടതിയില്‍ ഹാജരാക്കിയത്‌. വള്ളിയില്‍ കുടുങ്ങി മൃതശരീരം തറയില്‍ തട്ടി നിന്നതിന്‌ 1.5 മീറ്റര്‍ മാറിയാണ്‌ ഉടല്‍ വേര്‍പെട്ട തല കിടന്നത്‌.
മരണകാരണം കഴുത്തിനേറ്റ മാരകമുറിവെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌. തളമരത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന വള്ളിപ്പടര്‍പ്പില്‍ ഉദ്ദേശം 2.25 സെന്റിമീറ്റര്‍ മുകളിലുള്ള ഒരു കമ്പിന്റെ ഭാഗം ഉണക്കി ഒടിഞ്ഞ്‌ തട്ടി നിന്നിരുന്നു. മൃതദേഹം കണ്ട സ്‌ഥലത്ത്‌ നിന്ന്‌ 6.5 മീറ്റര്‍ മാറി ആറിന്റെ തീരമാണ്‌. മൃതശരീരം കാണപ്പെട്ടത്‌ ഉയര്‍ന്നസ്‌ഥലത്താണ്‌. ജാക്കറ്റിലും ചുരിദാര്‍ വസ്‌ത്ര ടോപ്പിലും ധാരാളം ചെളിയും മുടിയും പറ്റിപ്പിടിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

Leave a Reply