നോട്ടെഴുതാതെ ക്ലാസിലെത്തി; അധ്യാപകൻ പിടിച്ച് തള്ളിയതോടെ ബഞ്ചിലിടിച്ച് വീണു; ആറാം ക്ലാസുകാരന്റെ നട്ടെല്ലിന് ഗുരുതര പരിക്ക്

0
Sad boy sitting on the floor. 4k resolution video footage.

തിരുവനന്തപുരം: അധ്യാപകന്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് ബെഞ്ചിലിടിച്ച് നട്ടെല്ലിന് പരിക്കേറ്റ ആറാം ക്ലാസുകാരന്‍ ഒന്നരമാസമായി ചികിത്സയില്‍. നോട്ട് എഴുതിയില്ലെന്ന കുറ്റത്തിനാണ് വിദ്യാര്‍ഥിയെ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയെറിഞ്ഞത്.

നവംബര്‍ 16ന് വെഞ്ഞാറമൂട് പാറയ്ക്കല്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ അമീര്‍ ഖാനെതിരേ വെഞ്ഞാറമൂട് പൊലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും പരാതിയുയർന്നു.

നോട്ട് എഴുതാതെ ക്ലാസില്‍ വന്ന പാറയ്ക്കല്‍ മൂളയം സ്വദേശിയായ ആറാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ വെച്ച് അമീര്‍ഖാന്‍ ഷര്‍ട്ടില്‍ തൂക്കി ബഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പരാതി. വീഴ്ചയില്‍ ബഞ്ചിന്റെ അഗ്രത്തില്‍ നട്ടെല്ല് ഇടിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു.

പിറ്റേന്നും വേദന മാറാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. തുടർന്നു നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് സാരമായ പരിക്കേറ്റെന്ന് മനസ്സിലായത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here