ബഫര്‍സോണ്‍ ഭൂപടം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍

0


തിരുവനന്തപുരം: ബഫര്‍സോണുമായി ബന്ധപ്പെട്ടു കേന്ദ്രത്തിനു നല്‍കിയ ഭൂപടം സംസ്‌ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2021ല്‍ വനംവകുപ്പ്‌ തയാറാക്കിയ സീറോ ബഫര്‍സോണ്‍ മാപ്പാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പരാതിയുണ്ടെങ്കില്‍ അടുത്ത മാസം ഏഴിനകം അറിയിക്കണം. പ്രാദേശികതലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഭൂപടം പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പോയ വിവരങ്ങളുണ്ടെങ്കില്‍ അറിയിക്കാം.
ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്‌ അന്തിമ ഭൂപടമല്ലെന്നും ഭൂതല സര്‍വേ, വനംവകുപ്പിന്റെ ഭൂപടം, ഉപഗ്രഹ സര്‍വേ എന്നിവ അടിസ്‌ഥാനമാക്കിയാകും അന്തിമ റിപ്പോര്‍ട്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ബഫര്‍സോണില്‍ ജനവാസ മേഖലകളെ ഒഴിവാക്കുമെന്നു മന്ത്രി കെ. രാജന്‍ അറിയിച്ചു.
ഓരോ വില്ലേജിലെയും ബ്ലോക്ക്‌, പ്ലോട്ട്‌ അനുസരിച്ചു വിശദാംശങ്ങളും ഭൂപടത്തില്‍ ലഭ്യമാണ്‌. 22 സംരക്ഷിത പ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള ഭൂപടമാണ്‌ പ്രസിദ്ധീകരിച്ചത്‌. കെട്ടിടങ്ങള്‍, സ്‌ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായി ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
മാപ്പില്‍ ഓരോ മേഖലയ്‌ക്കും പ്രത്യേക നിറങ്ങള്‍ നല്‍കിയിട്ടുണ്ട്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നീല നിറത്തിലും വാണിജ്യസ്‌ഥാപനങ്ങള്‍ ചുവപ്പ്‌ നിറത്തിലും ജനവാസ മേഖല വയലറ്റ്‌ നിറത്തിലും നല്‍കിയിട്ടുണ്ട്‌. പരിസ്‌ഥിതിലോല പ്രദേശങ്ങള്‍ക്കു പിങ്ക്‌ നിറമാണ്‌. ആശുപത്രികള്‍, ആരാധനാലയങ്ങള്‍, കടകള്‍ എന്നിവ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ബഫര്‍സോണ്‍ പരിധിയില്‍ വരുന്ന വിവിധ നിര്‍മിതികളുടെ പട്ടിക സൈറ്റില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
സര്‍വേ നടത്തിയ പ്ലോട്ട്‌, വില്ലേജ്‌, പഞ്ചായത്ത്‌ തുടങ്ങിയവ പ്രത്യേകം അറിയാം.
സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്‌ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച്‌ ഉപഗ്രഹ ചിത്രങ്ങള്‍ മുഖേന തയാറാക്കിയ വിവരങ്ങള്‍ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്‌. പഞ്ചായത്ത്‌, വില്ലേജ്‌തല സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളുടെ വിവരങ്ങളും ഭൂപടങ്ങളും സഹിതമുള്ള റിപ്പോര്‍ട്ടാണ്‌ പ്രസിദ്ധീകരിച്ചത്‌.
വിവരങ്ങള്‍ അറിയിക്കാനുള്ള ഫോറവും പരാതി നല്‍കാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ഫോറം പൂരിപ്പിച്ച്‌ അടുത്ത ഏഴിനകം [email protected]ലേക്ക്‌ അയയ്‌ക്കുകയോ ജോയിന്റ്‌ സെക്രട്ടറി, വനം വന്യജീവി വകുപ്പ്‌, അഞ്ചാം നില, സെക്രട്ടേറിയറ്റ്‌ അനക്‌സ്‌ 2, തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ ലഭ്യമാക്കുകയോ വേണം.

ഓരോ മേഖലയ്‌ക്കും നല്‍കിയിരിക്കുന്ന നിറങ്ങള്‍:

പച്ച- വനം
കറുപ്പ്‌- പഞ്ചായത്ത്‌
ചുവപ്പ്‌- വാണിജ്യകെട്ടിടങ്ങള്‍
നീല- വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍
തവിട്ടുനിറം- ഓഫീസ്‌
മഞ്ഞ- ആരാധനാലയങ്ങള്‍
വയലറ്റ്‌- താമസസ്‌ഥലം

LEAVE A REPLY

Please enter your comment!
Please enter your name here