ഹലാല്‍ മാംസം നിരോധിക്കാന്‍ ബില്‍: നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍

0

ബംഗലുരു: കര്‍ണാടകയില്‍ ഹലാല്‍ മാംസം നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ബിജെപി എംഎല്‍സി അംഗം രവികുമാര്‍ ആണ് ബില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നത്. സംസ്ഥാനത്ത് വില്‍ക്കുന്ന മഭക്ഷണത്തില്‍ എഫ്എസ്എസ്‌ഐയുടെ ഒഴികെ ഒരു സര്‍ട്ടിഫിക്കേഷനും പാടില്ലെന്ന് ബില്ലില്‍ പറയുന്നു. മാര്‍ച്ചില്‍ ഉഗാഡി ഉത്സവത്തിനിടെ ഹലാല്‍ മാംസം വര്‍ജിക്കാന്‍ ഹിന്ദുത്വ കക്ഷികള്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് സമുദായിക അസ്വസ്ഥത ഉടലെടുത്തിരുന്നു. ബില്‍ പാസാക്കുക വഴി ഹിന്ദുത്വ കക്ഷികളുടെ ആവശ്യത്തിന് നിയമസാധുത വരുത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

സ്വകാര്യ ബില്‍ ആയാണ് രവികുമാര്‍ ഇത് സഭയില്‍ അവതരിപ്പിക്കുക. ഇക്കാര്യം കാണിച്ച് അദ്ദേഹം ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന് കത്തെഴുതിയിരുന്നു. സര്‍ക്കാര്‍ ബില്‍ ആയി അവതരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുമില്ല.

തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ ആയുധം കൂടി എടുത്തിടുകയാണ് ബി.ജെ.പി ഇതുവഴി. ബില്ലിന് ഔദ്യോഗിക പരിരക്ഷ നല്‍കണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നതും അതിനാലാണ്. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ കണ്ട രവികുമാര്‍ ഭക്ഷ്യവസ്തുക്കളില്‍ ചില സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതിന്റെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply