കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നാലും രക്ഷയില്ല, പൊലീസ് പിന്നാലെയുണ്ടാവും

0

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നാലും രക്ഷയില്ല, പൊലീസ് പിന്നാലെയുണ്ടാവും. മടിയിൽ കനമുണ്ടെങ്കിലേ പേടിക്കേണ്ടതുള്ളു എന്നുമാത്രം. കരിപ്പൂർ വിമാനത്താവളത്തിൽ ശരീരത്തിനുള്ളിൽ നാല് ക്യാപ്‌സ്യൂളുകളാക്കി സ്വർണ മിശ്രിതം ഒളിപ്പിച്ച യുവാവിനെ പിടികൂടി. ദുബായിൽനിന്നെത്തിയ വയനാട് നടവയൽ സ്വദേശി അബ്ദുൽ മജീദി(23)ൽനിന്നാണ് 1.011 കിലോഗ്രാം സ്വർണം പൊലീസ് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 54 ലക്ഷം രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്കിടെ കരിപ്പൂരിൽ പൊലീസ് പിടികൂടുന്ന 81-ാമത്തെ സ്വർണക്കടത്ത് കേസാണിത്.വെള്ളിയാഴ്ച രാവിലെ 8.30-ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മജീദ് കരിപ്പൂരിലെത്തിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളെ പൊലീസ് സംഘം നിരീക്ഷിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾക്കൊപ്പം കാറിൽ കയറി പുറത്തേക്ക് പോകുന്നതിനിടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ തന്റെ കൈയിൽ സ്വർണമില്ലെന്നായിരുന്നു മജീദിന്റെ മറുപടി. ആശുപത്രിയിൽ നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here