അറസ്‌റ്റിലായ മുബാറക്ക്‌ പി.എഫ്‌.ഐ. കില്ലര്‍ സ്‌ക്വാഡ്‌ പരിശീലകന്‍ , ലക്ഷ്യമിട്ടതു പ്രമുഖനേതാക്കളെ

0


കൊച്ചി : കഴിഞ്ഞദിവസം അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ (പി.എഫ്‌.ഐ) പ്രവര്‍ത്തകന്‍ അഡ്വ. മുഹമ്മദ്‌ മുബാറക്ക്‌ പ്രമുഖനേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള കില്ലര്‍ സ്‌ക്വാഡ്‌ അംഗമെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ആയോധനവിദഗ്‌ധനായ ഇയാള്‍ സ്‌ക്വാഡിന്റെ പരിശീലകനുമായിരുന്നു. പി.എഫ്‌.ഐ. വളണ്ടിയര്‍മാരുടെ പരിശീലകനായാണു പുറമേ അറിയപ്പെട്ടിരുന്നത്‌.
കഴിഞ്ഞദിവസം നടന്ന റെയ്‌ഡില്‍ എടവനക്കാട്ടെ വീട്ടില്‍നിന്ന്‌ ആയുധങ്ങള്‍ സഹിതം കസ്‌റ്റഡിയിലെടുത്ത മുബാറക്കിനെ 20 മണിക്കൂറിലേറെ ചോദ്യംചെയ്‌തശേഷമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌, കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേകകോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജനുവരി 13 വരെ റിമാന്‍ഡ്‌ ചെയ്‌തു.
ഹൈക്കോടതി അഭിഭാഷകനായ മുബാറക്ക്‌ സംഘടനയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്‌തിരുന്നു. ഭാര്യയും അഭിഭാഷകയാണ്‌. നാട്ടില്‍ ഇയാള്‍ കരാട്ടെ, കുങ്‌ഫു പരിശീലനം നല്‍കിയിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേര്‍ന്ന്‌ ഓര്‍ഗാനിക്‌ വെളിച്ചെണ്ണ ഉത്‌പാദന യൂണിറ്റ്‌ ആരംഭിച്ചു.
മുബാറക്കിന്റെ വീട്ടില്‍ കഴിഞ്ഞ 29-നു പുലര്‍ച്ചെ നാലിനാണു പത്തംഗ എന്‍.ഐ.എ. സംഘം എത്തിയത്‌. ഇവിടെനിന്നു വാളും മഴുവും ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടെത്തി.
ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നതു ബാഡ്‌മിന്റണ്‍ റാക്കറ്റ്‌ കവറിനുള്ളിലായിരുന്നു. തുടര്‍ന്ന്‌, മുബാറക്കിനെ കസ്‌റ്റഡിയിലെടുത്തു. പി.എഫ്‌.ഐയുടെ ആദ്യകാലപ്രവര്‍ത്തകനാണു മുബാറക്കെന്നു നാട്ടുകാര്‍ പറയുന്നു.

Leave a Reply