അരിയില്‍ ഷുക്കൂര്‍ വധക്കേസ്‌ : കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ആവര്‍ത്തിച്ച്‌ അഡ്വ. ഹരീന്ദ്രന്‍

0


കണ്ണൂര്‍/മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരേ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്‌ഥനോട്‌ പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച്‌ അഭിഭാഷകന്‍ ടി.പി ഹരീന്ദ്രന്‍. രാഷ്‌ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്ന്‌ കരുതുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍, പി.കെ.കുഞ്ഞാലിക്കുട്ടി കേസിന്റെ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ പി.സുകുമാരന്‍ അറിയിച്ചു. ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‌ പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചതെന്ന്‌ അഡ്വ. ടി.പി ഹരീന്ദ്രന്‍ പറഞ്ഞു. മുന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡിവൈ.എസ്‌.പി. സുകുമാരന്‍ ആരോപണം നിഷേധിച്ചത്‌ അദ്ദേഹത്തിന്റെ പരിമിതി മൂലമാണ്‌.
കുഞ്ഞാലിക്കുട്ടി രാഷ്‌ട്രീയ ധാര്‍മികത കാണിച്ചില്ല. സി.ബി.ഐ. കേസ്‌ ഏറ്റെടുത്ത ശേഷമാണ്‌ ശക്‌തമായ വകുപ്പുകള്‍ ചേര്‍ത്തത്‌. കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിട്ടതിനുശേഷം കെ. സുധാകരന്‍ വിളിച്ചു. അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന്‌ പറഞ്ഞു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും ഹരീന്ദ്രന്‍ വ്യക്‌തമാക്കി. കുഞ്ഞാലിക്കുട്ടി നടപടി സ്വീകരിച്ചാല്‍ നിയമപരമായി തന്നെ നേരിടും. ക്രിമിനല്‍ അഭിഭാഷകനെന്ന നിലയിലാണ്‌ പോലീസ്‌ നിയമോപദേശം തേടിയത്‌. കുഞ്ഞാലിക്കുട്ടി വിളിച്ച്‌ പറഞ്ഞതെന്നും കേട്ടിട്ടില്ല. പറഞ്ഞ കാര്യം താനൊരിക്കലും മാറ്റി പറയില്ലെന്നും ഹരീന്ദ്രന്‍ പറഞ്ഞു.
കേസില്‍ അഡ്വ. ഹരീന്ദ്രന്റെ അഭിപ്രായം തേടിയിട്ടില്ലെന്നു മുന്‍ ഡിവൈ.എസ്‌.പിയായ പി. സുകുമാരന്‍ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി കേസിന്റെ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ല. കണ്ണപുരം പോലീസ്‌ സ്‌റ്റേഷനിലെ 136/2012 കേസാണ്‌. അരിയില്‍ ഷുക്കൂര്‍ കേസന്വേഷണത്തിനായി ഒരു സ്‌ക്വാഡ്‌ രൂപീകരിച്ചിരുന്നു. അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം തനിക്കായിരുന്നു. കേസ്‌ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ ചര്‍ച്ച ചെയ്ുന്നയത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‌ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിന്‌ ബോധ്യപ്പെട്ടെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ല.
അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന ഡിവൈ.എസ്‌.പി തന്നെ ആരോപണം തള്ളിയതോടെ വക്കീലിന്റെ വെളിപ്പെടുത്തല്‍ നിലനില്‍ക്കില്ല. ഓര്‍ക്കാപ്പുറത്തുള്ള വെളിപാടിന്‌ പിന്നില്‍ എന്താണെന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഗൂഢാലോചന ബോധ്യപ്പെട്ടത്‌. കെ.പി.സി.സി പ്രസിഡന്റിനെ ഇതിലേക്ക്‌ വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here