ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെ അർജന്റീനയ്ക്ക് ജയം. രണ്ടിനെതിരെ ഒരു ഗോളിനാണ് അർജന്റീനയുടെ ജയം

0

ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെ അർജന്റീനയ്ക്ക് ജയം. രണ്ടിനെതിരെ ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. ആദ്യ പ്രീക്വാർട്ടറിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്സ് ക്വാർട്ടറിൽ കടന്നത്

35-ാം മിനിറ്റില്‍ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ആദ്യം ഗോള്‍വലകുലുക്കിയത്. അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ഓസീസ് ബോക്സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് പ്രതിരോധിച്ചെങ്കിലും പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി ഓടിയെത്തിയ മെസ്സിക്ക് പാകത്തിന് മുന്നിൽ വച്ചുകൊടുത്തു. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധം തകർത്ത് ഗോൾകീപ്പറിനെയും കാഴ്ചക്കാരനാക്കി വലയിൽ.

57–ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് അടിച്ചകറ്റി അപകടം ഒഴിവാക്കുന്നതിനു പകരം പാസ് ചെയ്ത് കളിക്കാൻ ശ്രമിച്ച ഓസീസ് താരങ്ങളുടെ പിഴവിൽ നിന്നാണ് അർജന്റീന രണ്ടാം ഗോൾ നേടിയത്. അർജന്റീനയുടെ ഒരു മുന്നേറ്റം നിഷ്ഫലമാക്കി പന്ത് പിടിച്ചെടുത്ത ഓസീസ് ഗോൾകീപ്പർ അത് ഇടതുവിങ്ങിലെ താരത്തിനു നീട്ടിയെറിഞ്ഞുനൽകി. അർജന്റീന സമ്മർദ്ദം ചെലുത്തിയതോടെ പന്ത് റൗൾസ് വഴി വീണ്ടും ഗോൾകീപ്പറിലേക്ക്. ഇതിനിടെ രണ്ട് അർജന്റീന താരങ്ങൾ സമ്മർദ്ദം ചെലുത്തി ഓടിയെത്തിയതോടെ ഗോൾകീപ്പറിനു പിഴച്ചു. പന്തു പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് തഴുകിവിട്ടു. 77–ാം മിനിറ്റിലാണ് ഓസ്ട്രേലിയ ഒരു ഗോൾ മടക്കിയത്. പകരക്കാരൻ താരം ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ നേടിയ ഗോളിലുടെയാണ്‌ അർജന്റീനയ്‌ക്കെതിരെ ഓസ്ട്രേലിയ തിരിച്ചടിച്ചത്.

പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് അർജന്റീന ഇറങ്ങിയത്. പരുക്കേറ്റ എയ്ഞ്ചൽ ഡി മരിയയ്ക്കു പകരം അലെസാന്ദ്രോ ഗോമസ് ആദ്യ ഇലവനിൽ ഇടംനേടി. ഡെൻമാർക്കിനെ തോൽപ്പിച്ച ടീമിൽ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തി. ഇടതുവിങ്ങിൽ ബക്കൂസിനു പകരം ഗുഡ്‌വിൻ എത്തി. ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി.

LEAVE A REPLY

Please enter your comment!
Please enter your name here