ഗവി, നെല്ലിയാമ്പതി പ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ വീണ്ടും നീക്കം

0

പെരിയാർ കടുവാ സങ്കേതത്തിൽപ്പെട്ട ഗവി, നെല്ലിയാമ്പതി പ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ വീണ്ടും നീക്കം. കേരള വനംവികസന കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി.) അധീനതയിലുള്ള തോട്ടം തൊഴിലാളികളെ പുനരധിവസിപ്പിക്കാനാണ് പാക്കേജ് വരുന്നത്. റീബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം സ്‌പെഷ്യൽ ഓഫീസറായ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രകൃതി ശ്രീവാസ്തവ കെ.എഫ്.ഡി.സി.ക്ക് ഇതുസംബന്ധിച്ച കത്തുനൽകി.

ഗവിയിലെയും നെല്ലിയാമ്പതിയിലെയും പുനരധിവാസത്തിന് പദ്ധതിനിർദ്ദേശം സമർപ്പിക്കാൻ കെ.എഫ്.ഡി.സി. മാനേജിങ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിഞ്ഞുപോകാൻ തയ്യാറാണെന്ന തൊഴിലാളികളുടെ സമ്മതപത്രമടക്കം പുതിയ പദ്ധതിനിർദ്ദേശം നൽകാനാണ് പറഞ്ഞിരിക്കുന്നത്. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികൾ വിളിച്ചുചേർത്ത് പ്രമേയം പാസാക്കാനും നിർദ്ദേശംനൽകി. ഒഴിഞ്ഞുപോകുന്ന കുടുംബങ്ങൾക്ക് 15 ലക്ഷംവീതം നഷ്ടപരിഹാരം നൽകും. കടുവാ സങ്കേതങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിപ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.

നേരത്തേ പ്രകൃതി ശ്രീവാസ്തവ വനംവികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ആയിരുന്ന സമയത്ത് നടത്തിയ പുനരധിവാസനീക്കം വിവാദമായിരുന്നു. ഗവിയിലെ 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് പുനരധിവാസപദ്ധതി കൊണ്ടുവരുന്നതെന്നായിരുന്നു ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here