ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും ആന ഇടഞ്ഞു

0

ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും ആന ഇടഞ്ഞു. ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പൻ ആനയാണ് ഇടഞ്ഞത്. ചടങ്ങുകൾ കഴിഞ്ഞ് ആനകളെ തിരികെ കൊണ്ട് പോകുന്നതിനിടെയായിരുന്നു സംഭവം. ദാമോദർദാസ് എന്ന ആനയാണ് ഇടഞ്ഞത്. കൊമ്പുകൾ ഉയർത്തി ആളുകൾക്ക് നേരെ ദാമോദർദാസ് പാഞ്ഞടുക്കുകയായിരുന്നു. ഏകാദശി ആഘോഷങ്ങൾ നടക്കുന്നതിനാൽ ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു. പടിഞ്ഞാറെ നടയിൽ വെച്ച് ഇടഞ്ഞ ആനയെ നടയിൽ തന്നെ തളച്ചു.

കഴിഞ്ഞ മാസവും ദാമോദർ ദാസ് എന്ന ആന ഇടഞ്ഞിരുന്നു. ക്ഷേത്ര നടയിൽ ആനയ്ക്ക് മുന്നിൽ നിന്ന് വിവാഹ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ ആന ഇടഞ്ഞത്. തുടർന്ന് സമീപത്ത് നിന്ന പാപ്പനെ കാലിൽ പിടിച്ച് എടുത്തുയർത്താൻ ആന ശ്രമിച്ചെങ്കിലും പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നത്.

ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെയാണ് നടപ്പന്തലിൽ വച്ച് വധൂവരന്മാർ ആനയോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് വധൂവരന്മാർ മാറിയതിന് തൊട്ട് പിന്നാലെ പ്രകോപിതനായ ആന വട്ടം തിരിയുകയായിരുന്നു. ഈ സമയം ആനയുടെ ഇടത് വശത്തും മുകളിലുമായി പാപ്പാന്മാർ ഉണ്ടായിരുന്നു. വട്ടം തിരിഞ്ഞ ആന ഇടത് വശത്ത് നിന്നിരുന്ന രാധാകൃഷ്ണൻ എന്ന പാപ്പാനെ തുമ്പിക്കൈ കൊണ്ട് കാലിൽ പിടിച്ച് വാരിയെടുക്കാൻ ശ്രമിച്ചു. പാപ്പാന്റെ കാലിന് പകരം രണ്ടാം മുണ്ടിലായിരുന്നു ആനയ്ക്ക് പിടിത്തം കിട്ടിയത്. പെട്ടെന്ന് തന്നെ ആനയെ തളയ്ക്കാനായതിനാൽ വലിയ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.

1999 ഫെബ്രുവരി 24 ന് നാല് വയസുള്ള ആനക്കുട്ടിയെ അന്നത്തെ മേൽശാന്തിയായിരുന്ന കക്കാട് ഇല്ലത്ത് ദേവദാസ് നമ്പൂതിരിയാണ് ഗുരുവായൂരിൽ നടയ്ക്കിരുത്തിയത്. ദേവദാസ് നമ്പൂതിരിയുടെ അച്ഛന്റെ പേരും അദ്ദേഹത്തിന്റെ പേരും ചേർത്ത് ദാമോദർ ദാസ് എന്ന പേരാണ് ആനയ്ക്ക് നൽകിയത്. ഇന്ന് ഗുരുവായൂർ ആനക്കോട്ടയിലെ ഏറ്റവും തലയെടുപ്പുള്ള ആനകളിൽ പ്രമുഖനാണ് ദാമോദർ ദാസ് എന്ന ആന.

LEAVE A REPLY

Please enter your comment!
Please enter your name here