നടി തുനിഷ ശർമയെ സീരിയൽ സെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

0

നടി തുനിഷ ശർമയെ സീരിയൽ സെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തുനിഷ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ സഹതാരമായ ഷീസാൻ ഖാനെ വാലിവ് പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചുവരികയായിരുന്നു. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്. തുനിഷയുടെ അമ്മയുടെ പരാതിയിലാണ് ഷീസാനെ അറസ്റ്റ് ചെയ്തതെന്ന് ഡി.എസ്‌പി ചന്ത്രകാന്ത് യാദവ് അറിയിച്ചു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സീരിയൽ സെറ്റിൽ നിന്നുള്ള ചിത്രം നടി പോസ്റ്റ് ചെയ്തിരുന്നു. തുനിഷയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

ചോദ്യം ചെയ്യലിനുശേഷമായിരുന്നു ഷീസാന്റെ അറസ്റ്റ്. നയ്ഗാവിലെ രാം ദേവ്സ്റ്റുഡിയോയിലാണ് ചിത്രീകരണം നടന്നിരുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവർ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആത്മഹത്യയുടേയും കൊലപാതകത്തിന്റെയും സാധ്യതകൾ ഒരേപോലെ അന്വേഷിക്കുന്നുണ്ടെന്ന് വാലിവ് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.എ റിപ്പോർട്ട് ചെയ്തു.സംഭവ സമയത്ത് സെറ്റിലുണ്ടായിരുന്ന മുഴുവൻ പേരുടേയും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. 20 വയസ്സായിരുന്നു തുനിഷയ്ക്ക് പ്രായം.

Leave a Reply