കുന്നാര്‍ ഡാമില്‍ നിന്ന്‌ സന്നിധാനത്തേക്ക്‌ വെള്ളം എത്തിക്കുന്നതിന്‌ പുതിയ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കും

0

ശബരിമല : കുന്നാര്‍ ഡാമില്‍ നിന്ന്‌ സന്നിധാനത്തേക്ക്‌ വെള്ളം എത്തിക്കുന്നതിന്‌ പുതിയ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കും. ശബരിമല മാസ്‌റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുക.
ശബരിമലയിലേക്കു ശുദ്ധജലം എത്തിക്കുന്നത്‌ സന്നിധാനത്തുനിന്ന്‌ എട്ട്‌ കിലോമീറ്റര്‍ അകലെ കൊടുംവനത്തിലുള്ള കുന്നാര്‍ ഡാമില്‍ നിന്നുമാണ്‌. നിലവില്‍ കുന്നാറില്‍ രണ്ടു പൈപ്പ്‌ ലൈനുകളാണുള്ളത്‌. ഇതില്‍ ഒരു പൈപ്പ്‌ ലൈന്‍ കാലപ്പഴക്കം മൂലം നാശാവസ്‌ഥയിലാണ്‌. ഇതു മാറ്റി ആനയും മറ്റ്‌ വന്യമ്യഗങ്ങളുംചവിട്ടി നാശം വരുത്താതിരിക്കാന്‍ തുരുമ്പ്‌ പിടിക്കാത്ത ഇരുമ്പു പൈപ്പാണ്‌ ഇടുന്നത്‌. ഇതിന്‌ 200 മില്ലിമീറ്റര്‍ വ്യാസമുണ്ട്‌.
10കോടി രൂപ ചെലവിട്ടാണ്‌ നിര്‍മ്മാണം. 7 കിലോമീറ്റര്‍ ദൂരത്തിലാണ്‌ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുക. സന്നിധാനത്തു നിന്നു വളരെ ഉയരത്തിലുള്ള കുന്നാറില്‍ നിന്നും യന്ത്ര സംവിധാനമില്ലാതെയാണ്‌ പാണ്ടിതാവളത്തിലെ വാട്ടര്‍ ടാങ്കില്‍ വെള്ളം എത്തുന്നത്‌. തീര്‍ത്ഥാടനം കഴിഞ്ഞാലുടന്‍ പണികള്‍ ആരംഭിക്കും. സര്‍ക്കാരില്‍ നിന്നും ഉടന്‍ ഭരണാനുമതി ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. ദീര്‍ഘകാലമായി ദേവസ്വം ബോര്‍ഡിന്റെയും ശബരിമല മാസ്‌റ്റര്‍ പ്ലാനിന്റെയും പരിഗണനയിലുള്ള പദ്ധതിയാണിത്‌. കോട്ടയം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ടി.എം.സി ബില്‍ഡേഴ്‌സാണ്‌ പദ്ധതി രേഖയും അടങ്കലും തയാറാക്കിയിരിക്കുന്നത്‌. രണ്ട്‌ കോടി ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ടാങ്കുകളാണ്‌ പാണ്ടിത്താവളത്തുള്ളത്‌.

Leave a Reply