വര്‍ക്ക്‌ഷോപ്പ്‌ ഉപകരണങ്ങള്‍ നല്‍കാമെന്ന പേരില്‍ പണം തട്ടിയെടുത്ത കേസില്‍ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി അറസ്‌റ്റില്‍

0

ഹരിപ്പാട്‌: വര്‍ക്ക്‌ഷോപ്പ്‌ ഉപകരണങ്ങള്‍ നല്‍കാമെന്ന പേരില്‍ പണം തട്ടിയെടുത്ത കേസില്‍ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി അറസ്‌റ്റില്‍. തൃശൂര്‍ മണ്ണൂത്തിയില്‍ കെ.സി ടെക്ക്‌ സ്‌ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ്‌ നടത്തുന്ന തൃക്കൊടിത്താനം സ്വദേശി കെ.സി.തങ്കച്ചനാ(ജോസഫ്‌)ണ്‌ കരീലക്കുളങ്ങര അറസ്‌റ്റിലായത്‌. വര്‍ക്ക്‌ഷോപ്പുകളില്‍ എത്തി ആദ്യം കുറച്ച്‌ ഉപകരണങ്ങള്‍ നല്‍കി വിശ്വാസം നേടിയതിന്‌ ശേഷമാണ്‌ കൂടുതല്‍ തുകയ്‌ക്ക് തട്ടിപ്പ്‌ നടത്തുന്നത്‌. ചിങ്ങോലി സ്വദേശി കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കരീലക്കുളങ്ങര പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. സ്‌ഥിരമായി ഒരിടത്തും തങ്ങാതെ വാഹനത്തില്‍ കറങ്ങി നടക്കുന്ന ഇയാള്‍ മകന്റെ വീടിന്‌ സമീപത്തുണ്ടെന്ന്‌ മനസിലാക്കി പുതിയ വര്‍ക്ക്‌ഷോപ്പ്‌ തുടങ്ങാനെന്ന വ്യാജേന മകന്റെ വീട്ടില്‍ എത്തിയ പോലീസ്‌ സംഘം തന്ത്രപൂര്‍വം ഇയാളെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ്‌ നടത്തി വരികയായിരുന്നു. ജില്ലാ പോലീസ്‌ മേധാവി ചൈത്രാതെരേസ ജോണിന്റെ നിര്‍ദേശപ്രകാരം കായംകുളം ഡി.വൈ.എസ്‌.പി: അലക്‌സ്ബേബിയുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കരീലക്കുളങ്ങര എസ്‌.ഐ: സുനുമോന്‍, ജൂനിയര്‍ എസ്‌.ഐ: ഷമ്മിസ്വാമിനാഥന്‍, സി.പി.ഒമാരായ സജീവ്‌കുമാര്‍, മോനിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply