തുടക്കം മുതൽ അവസാനം വരെ വിജയത്തിനായി ഇരമ്പിയാർത്ത മെക്‌സിക്കൻ പട സൗദി അറേബ്യയെ കീഴടക്കിയിട്ടും പ്രീ ക്വാർട്ടർ കാണാതെ പുറത്ത്

0

തുടക്കം മുതൽ അവസാനം വരെ വിജയത്തിനായി ഇരമ്പിയാർത്ത മെക്‌സിക്കൻ പട സൗദി അറേബ്യയെ കീഴടക്കിയിട്ടും പ്രീ ക്വാർട്ടർ കാണാതെ പുറത്ത്. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത മെക്സിക്കോയ്ക്ക് തിരിച്ചടിയായത് ഗോൾ വ്യത്യാസമായിരുന്നു. 1978-ന് ശേഷം ഇതാദ്യമായാണ് മെക്സിക്കോ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അർജന്റീനയ്ക്കെതിരേ രണ്ട് ഗോളിന് തോറ്റെങ്കിലും ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ ഗ്രൂപ്പിൽ നിന്ന് അർജന്റീനയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരായി പോളണ്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. മെക്സിക്കോ പുറത്തേക്കും. ഒരു ഗോൾ കൂടി നേടിയിരുന്നുവെങ്കിൽ അടിച്ച ഗോളുകളുടെ എണ്ണത്തിൽ പോളണ്ടിനെ മറികടന്ന് മെക്സിക്കോയ്ക്ക് പ്രീ ക്വാർട്ടറിലേക്ക് കടക്കാമായിരുന്നു. വലയിലെത്തിച്ച രണ്ട് ഗോളുകൾ ഓഫ് സൈഡായതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി.

ഹെന്റി മാർട്ടിൻ (47), ലൂയിസ് ഷാവേസ് (52) എന്നിവരാണ് മെക്‌സിക്കോയ്ക്കായി ഗോൾ നേടിയത്. സൗദിയുടെ സമനില ഗോൾ ഇൻജറി ടൈമിൽ സലേം അൽ ദൗസരി നേടി. പോളണ്ടിനെ തോൽപ്പിച്ച് അർജന്റീന ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാർട്ടറിലെത്തി. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി പോളണ്ടും പ്രീക്വാർട്ടറിൽ കടന്നു. ഡിസംബർ മൂന്നിനു നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് അർജന്റീനയുെട എതിരാളികൾ. പിറ്റേന്നു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോളണ്ട് നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിനെയും നേരിടും.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം വെറും അഞ്ച് മിനിറ്റിന്റെ ഇടവേളയിലാണ് ഹെന്റി മാർട്ടിൻ, ലൂയിസ് ഷാവേസ് എന്നിവർ മെക്‌സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. 47ാം മിനിറ്റിൽ മെക്‌സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്നാണ് ഹെന്റി മാർട്ടിൻ ആദ്യ ഗോൾ നേടിയത്. പിന്നാലെ 52ാം മിനിറ്റിൽ മെക്‌സിക്കോയ്ക്ക് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് ലൂയിസ് ഷാവേസ് ലീഡ് വർധിപ്പിച്ചു. ആദ്യപകുതിയിൽ മെക്‌സിക്കോ ഒട്ടേറെ സുവർണാവസരങ്ങൾ പാഴാക്കിയിരുന്നു.

ഗോളടിച്ച് കൂട്ടാൻ ലക്ഷ്യമിട്ടാണ് മെക്സിക്കോ സൗദിക്കെതിരേ ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ സൗദി ബോക്സിലേക്ക് ആക്രമിച്ച കയറിയ മെക്സിക്കോ ആദ്യ പകുതിയിൽ അരഡസനോളം അവസരങ്ങളൊരുക്കി. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മെ്സിക്കോയുടെ ആദ്യ ആക്രമണമെത്തി. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ഷാവേസ് ഡിയിലേക്ക് നൽകിയ ത്രൂബോളിൽ നിന്നുള്ള അലക്സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് രക്ഷപ്പെടുത്തി.

Leave a Reply