നെടുങ്കണ്ടം തൂക്കുപാലത്തിന് സമീപം ചോറ്റുപാറയിൽ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ മാല കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

0

നെടുങ്കണ്ടം തൂക്കുപാലത്തിന് സമീപം ചോറ്റുപാറയിൽ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ മാല കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം അറക്കൽ സ്വദേശി സജീവാണ്(49) പിടിയിലായത്. മേസ്തിരി പണിക്കാരനായ ഇയാൾ കഴിഞ്ഞ ഒന്നര വർഷമായി തൂക്കുപാലത്തിനു സമീപം ശ്രീകൃഷ്ണപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്.സംഭവ ദിവസം പോത്തിനെ തീറ്റികൊണ്ട് റോഡിന് സമീപത്ത് നിൽക്കുകയായിരുന്നു വീട്ടമ്മ.

പോത്തിനെ കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചശേഷം പോത്തിനെ നോക്കാനെന്ന വ്യാജേന ഇയാൾ അടുത്ത് എത്തുകയും വീട്ടമ്മയെ പുറകിൽ നിന്നും വാ പൊത്തിപ്പിടിച്ച് കയ്യിൽ കരുതിയിരുന്ന കത്തികാട്ടി കഴുത്തിലെ മാല കവരുകയുമായിരുന്നു.

പിടിവലിക്കിടെ രണ്ട് പവൻ തൂക്കം വരുന്ന മാലയുടെ പകുതിമാത്രമാണ് ഇയാൾക്ക് ലഭിച്ചത്. തുടർന്ന് വീട്ടമ്മയുടെ ബഹളം കേട്ട് ആളുകൾ എത്തിയപ്പോളേക്കും ഇയാൾ തന്റെ ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. എന്നാൽ വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ പ്രതിയിലേക്ക് എത്തിച്ചേരാൻ പൊലീസിന് സാധിച്ചില്ല

തുടർന്ന് വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോത്ത് കച്ചവടക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. പ്രദേശത്ത് പോത്ത് വെട്ടുന്ന വില്പനക്കാരൻ അല്ലാതെ ഒരാൾ പങ്ക് കശാപ്പ് നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ ഇയാൾ താമസിക്കുന്ന വാടകവീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ട മാല കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച വാഹനവും, ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply