പതിനേഴുവയസുകാരിക്ക്‌ ഒന്നര വര്‍ഷം പീഡനം; മഠാധിപതി പോക്‌സോ കേസില്‍ അറസ്‌റ്റില്‍

0


ജയ്‌പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മഠാധിപതി അറസ്‌റ്റില്‍. നാലു സംസ്‌ഥാനങ്ങളിലായി അഞ്ച്‌ ആശ്രമങ്ങളുടെ മേധാവിയായ മഹന്ദ്‌ സര്‍ജുദാസിനെയാണ്‌ രാജസ്‌ഥാന്‍ ഭില്‍വാരയിലെ ആശ്രമത്തില്‍നിന്ന്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
പതിനേഴുവയസുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നരവര്‍ഷമായി സര്‍ജുദാസ്‌ പീഡനത്തിനിരയാക്കിയെന്നാണ്‌ പരാതി. പെണ്‍കുട്ടിയുടെ അമ്മയ്‌ക്ക്‌ നേരേ ആദ്യം ആസിഡ്‌ ആക്രമണം നടന്നിരുന്നു. ഇതിനുശേഷമാണ്‌ ആശ്രമത്തിലെത്തിയിരുന്ന പെണ്‍കുട്ടിയെ മഠാധിപതി പീഡനത്തിനിരയാക്കിയത്‌.
ആശ്രമത്തിലെത്തുന്ന മറ്റുകുട്ടികളെ വിവിധ ജോലികള്‍ക്ക്‌ നിയോഗിച്ചശേഷമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്‌തിരുന്നത്‌. ആസിഡ്‌ ആക്രമണത്തിന്‌ പിന്നിലും സര്‍ജുദാസ്‌ ആണെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ സംശയമുണ്ട്‌. നിരന്തര പീഡനംമൂലം മാനസികമായി തകര്‍ന്ന കുട്ടി ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ സുഹൃത്തിനോടാണ്‌ ആദ്യം വിവരം വെളിപ്പെടുത്തിയത്‌. പിന്നാലെ അമ്മയോടും കാര്യം തുറന്നുപറഞ്ഞു. തുടര്‍ന്ന്‌ പോലീസിനെ സമീപിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ സ്‌ഥിരീകരിച്ചതായും ഇതിനുശേഷമാണ്‌ പോക്‌സോ കേസില്‍ പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയതെന്നും പോലീസ്‌ അറിയിച്ചു. സര്‍ജുദാസിന്‌ ഭില്‍വാരയ്‌ക്കു പുറമേ അയോധ്യ, ബദ്രിനാഥ്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും ആശ്രമമുണ്ട്‌.
അതേസമയം, ബുധനാഴ്‌ച അറസ്‌റ്റിന്‌ പിന്നാലെ വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമച്ച സര്‍ജുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്ക്‌ ശേഷം വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply