മദ്യത്തിനു 4% വിൽപന നികുതി വർധന; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

0

തിരുവനന്തപുരം∙ വിദേശ മദ്യം ഉൽ‌പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനും ഇതിലൂടെ സർക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വിൽപന നികുതി 4% വർധിപ്പിക്കുന്നതിനുമുള്ള പൊതുവിൽപന നികുതി നിയമ ഭേദഗതി ബില്ലിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കുകയും ഗവർണർ അംഗീകരിക്കുകയും ചെയ്യുന്നതോടെ മദ്യ വില ഉയരും. നിലവിൽ മദ്യത്തിന്റെ നികുതി 247 % ആണ്. ഇത് 251 % ആയി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ 5% വിറ്റുവരവു നികുതിയാണ് ഒഴിവാക്കിയത്.

ഇതു മൂലം മദ്യക്കമ്പനികൾക്ക് വർഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. ഇതു മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താൻ മദ്യ ഉപഭോക്താക്കളുടെ മേൽ അധിക നികുതി അടിച്ചേൽപിക്കാനാണ് തീരുമാനം. വിൽപന നികുതി 4% ഉയർത്തുന്നതിനൊപ്പം ബവ്റിജസ് കോർപറേഷന്റെ കൈകാര്യച്ചെലവ് ഇനത്തിലുള്ള തുകയിൽ 1% വർധന വരുത്താനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയർത്താൻ സർക്കാർ ഉത്തരവിറക്കിയാൽ മതി. ഇതും മദ്യവില വർധനയ്ക്ക് ഇടയാക്കും.എന്നാൽ മദ്യത്തിന്റെ നികുതി വർധിപ്പിക്കാൻ വിൽപന നികുതി നിയമത്തിൽ ഭേദഗതി വരുത്തണം. ഇതിന്റെ ഭാഗമായി 2022ലെ കേരള പൊതുവിൽപന നികുതി നിയമ (ഭേദഗതി) ബില്ലിന്റെ കരടിനാണ് ഓൺലൈനായി ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയത്

Leave a Reply