ഒറ്റയ്‌ക്കു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്നും ഒരു ലക്ഷവും ആഭരണവും കവര്‍ന്നു, യുവതി അറസ്‌റ്റില്‍

0


ഹരിപ്പാട്‌: ഒറ്റയ്‌ക്കു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മോഷണം. ഒരു ലക്ഷം രൂപയും അരപ്പവന്‍ കമ്മലുംവര്‍ന്നു. സംഭവത്തില്‍ യുവതി അറസ്‌റ്റില്‍. വീയപുരം വെള്ളംകുളങ്ങര പുത്തന്‍പുരയില്‍ മായാകുമാരി (35)യാണ്‌ അറസ്‌റ്റിലായത്‌. പള്ളിപ്പാട്‌ നടുവട്ടം കൊരണ്ടിപള്ളി വീട്ടില്‍ ലക്ഷ്‌മിക്കുട്ടിയമ്മയുടെ വീട്ടിലാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി മോഷണം നടന്നത്‌. ക്ഷേത്രത്തില്‍ പോകാനായി വൈകിട്ട്‌ നാലരയോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ മായാകുമാരി ഇവരുടെ വീട്ടില്‍ കയറി ഒളിച്ചിരുന്നു. ലക്ഷ്‌മിക്കുട്ടിയമ്മ രാത്രി ഉറങ്ങാനായി സമീപത്തെ വീട്ടിലാണ്‌ പോകുന്നത്‌. ഇവര്‍ പോയ ശേഷമാണ്‌ മോഷണം നടത്തിയത്‌. വീട്ടിലുണ്ടായിരുന്ന മൂന്ന്‌ അലമാരകളിലായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അരപ്പവന്‍ കമ്മലുമാണ്‌ കവര്‍ന്നത്‌. മോഷണ ശേഷം പുലര്‍ച്ചെ നാല്‌ മണിയോടെയാണ്‌ മായാകുമാരി തിരികെ പോയന്നെ്‌ പോലീസ്‌ പറഞ്ഞു. ഇവര്‍ വന്ന സ്‌കൂട്ടര്‍
സമീപത്തുള്ള ഒരു വീടിന്റെ മുന്നില്‍ വച്ച ശേഷമാണ്‌ വീട്ടില്‍ കയറി ഒളിച്ചത്‌. ലക്ഷ്‌മിക്കുട്ടിയമ്മ തിരികെ വീട്ടിലെത്തിയപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്‌ നടത്തി പരിശോധനയിലാണ്‌ സ്വര്‍ണവും പണവും നഷ്‌ടപ്പെട്ടത്‌ അറിയുന്നത്‌. സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള വിദഗ്‌ധര്‍ ശേഖരിച്ച തെളിവുകളുമാണ്‌ പ്രതിയെ പിടികൂടാന്‍ പോലീസിന്‌ സഹായകരമായത്‌. പരിശോധനയില്‍ 35000രൂപയും മോഷ്‌ടിച്ച സ്വര്‍ണവും കണ്ടെടുത്തു.
മോഷണത്തിന്‌ രണ്ടു ദിവസം മുമ്പ്‌ മായാകുമാരി ലക്ഷ്‌മിക്കുട്ടിയമ്മയുടെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കിയിരുന്നു. കുടിക്കാന്‍ വെള്ളംആവശ്യപ്പെട്ടാണ്‌ ഇവര്‍ ലക്ഷ്‌മിക്കുട്ടി അമ്മയുടെ വീട്ടില്‍ എത്തിയത്‌. ഇരുവരും നടത്തിയ സംസാരത്തിലാണ വീട്ടില്‍ മറ്റാരുമില്ലെന്നും ഒറ്റയ്‌ക്കാണ്‌ താമസമെന്നും മനസിലാക്കിയത്‌. ക്ഷേത്രത്തില്‍ മാലകെട്ടിയാണ്‌ ഇവര്‍ കഴിയുന്നത്‌. ഇങ്ങനെ സ്വരുക്കൂട്ടിയ പണമാണ്‌ മോഷണം പോയത്‌. എസ്‌.എച്ച്‌.ഒ: ശ്യാംകുമാര്‍ വി.എസ്‌, സബ്‌ ഇന്‍സ്‌പെക്‌ടര്‍ സവ്യസാചി, സി.പി.ഒ മാരായ സുരേഷ്‌, മഞ്‌ജു, രേഖ, ഇയാസ്‌, നിഷാദ്‌, മണിക്കുട്ടന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ്‌ ഇവരെ അറസ്‌റ്റു ചെയ്‌തത്‌.

Leave a Reply