കുവൈറ്റിൽ അധ്യാപക തസ്തികകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു

0

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദ്യാഭ്യാസ രംഗത്തും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സർക്കാർ. അധ്യാപക തസ്തികകളിൽ നിന്നും വിദേശികളെ ഒഴിവാക്കാനാണ് നീക്കം.. രാജ്യത്തിന്റെ സ്വദേശിവത്കരണ പദ്ധതികള്‍ക്ക് അനുസൃതമായി അധ്യാപക തസ്‍തികകളില്‍ നിന്നും വിദേശികളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് കുവൈറ്റ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ ശാസ്‍ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ് അല്‍ അദ്‍വാനി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

രണ്ട് പ്രധാന ഘട്ടങ്ങളിലൂടെയായിരിക്കും വിദ്യാഭ്യാസ മന്ത്രാലയം സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉന്നത പദവികളില്‍ എത്രയും വേഗം സ്വദേശിവത്കരണം നടപ്പാക്കും. ഇതിനായി നിലവില്‍ വെയിറ്റിങ് ലിസ്റ്റിലുള്ള സ്വദേശികളുടെ എണ്ണവും സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമായിട്ടുള്ള മേഖലകളും പരിശോധിച്ച ശേഷം ഇത് നടപ്പാക്കും.

രണ്ടാം ഘട്ടത്തില്‍, നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നതും എന്നാല്‍ ആവശ്യമായ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമായിട്ടുള്ളതുമായ തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കും. ഓരോ പ്രദേശത്തെയും ആവശ്യങ്ങളും ഓരോ വിദ്യാഭ്യാസ ഘട്ടത്തിലെയും സാഹചര്യങ്ങളും പ്രത്യേകം പരിശോധിച്ച് കുവൈറ്റിലെ അധ്യാപകര്‍ക്കും, കുവൈറ്റിലെ വനിതകളുടെ മക്കളായ വിദേശികള്‍ക്കും ഈ ജോലികള്‍ ലഭ്യമാകുന്ന തരത്തിലായിരിക്കും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്വദേശികളുടെ പങ്ക് വർധിപ്പിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here