എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ നൂറനാട് പോലീസ് അറസ്‌റ്റ് ചെയ്‌തു. താമരക്കുളം കൊട്ടയ്‌ക്കാട്ടുശേരി സുധാ ഭവനത്തില്‍ സുരാജ്(35), കൊട്ടയ്‌ക്കാട്ടുശേരി വാലുപറമ്പില്‍ വീട്ടില്‍ വിഷ്‌ണു(27), താമരക്കുളം പേരൂര്‍ക്കാരാണ്‍മ കച്ചിമീനത്തില്‍ വീട്ടില്‍ സജിത്ത്(27) എന്നിവരെയാണ് നൂറനാട് സി.ഐ: പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌ത്. ഇവരെ റിമാന്‍ഡ് ചെയ്‌തു.
പേരൂര്‍ക്കാരാണ്‍മ ഭാഗത്തുള്ള റോഡിന് സമീപത്ത് നിന്നുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും അഞ്ചു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഡാന്‍സാഫിന്റെ സഹായത്തോടെയായിരുന്നു അറസ്‌റ്റ്. ബംഗളുരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ലഹരി മരുന്ന് വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. പോലീസിനെ കണ്ട് ഓടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
സുരാജിന്റെ ചാരുംമൂട്ടിലുള്ള ബാര്‍ബര്‍ ഷോപ്പിന്റെ മറവിലായിരുന്നു വ്യാപാരമെന്നും എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുന്നതിനാണ് ബംഗളുരുവില്‍ നിന്നും ലഹരിമരുന്ന് കടത്തിക്കൊണ്ടു വരുന്നതെന്നും പോലീസ് പറഞ്ഞു