ലോകജനസംഖ്യ 800 കോടി

0


ജനീവ: മറ്റന്നാള്‍ ലോകജനസംഖ്യ 800 കോടി പിന്നിടും. ഇന്നലെ ലോകജനസംഖ്യ 799,95,00,000 പിന്നിട്ടു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതും ശിശുമരണം കുറഞ്ഞതും നാനാത്വവും ഈ അവസരത്തില്‍ ആഘോഷിക്കാമെന്നു യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറേസ്‌ പറഞ്ഞു. ആഘോഷത്തിനൊപ്പം മനുഷ്യരുടെ വര്‍ധനയെ ഉത്തരവാദിത്വത്തോടെ കാണാന്‍ ഒരുങ്ങണമെന്നും യു.എന്‍. അഭ്യര്‍ഥിച്ചു.
12 വര്‍ഷം മുമ്പാണു ലോക ജനസംഖ്യ 700 കോടി പിന്നിട്ടത്‌. 2037 ല്‍ ജനസംഖ്യ 900 കോടിയാകും. 2050 ല്‍ ഇത്‌ 1040 കോടിയായി ഉയരും. ആ സമയത്ത്‌ ജനങ്ങളില്‍ പാതിയും ഇന്ത്യ, ചൈന, കോംഗോ, ഈജിപ്‌ത്‌, നൈജീരിയ, പാകിസ്‌താന്‍, ഫിലിപ്പീന്‍സ്‌, ടാന്‍സാനിയ എന്നീരാജ്യങ്ങളില്‍നിന്നാകും.
ജനസംഖ്യാകണക്കില്‍ ഇപ്പോഴും ചൈനയാണു മുന്നില്‍. 145 കോടി ജനങ്ങളാണ്‌ ഇവിടുള്ളത്‌. രണ്ടാം സ്‌ഥാനത്തുള്ള ഇന്ത്യയില്‍ ജനസംഖ്യ 142 കോടിയാണ്‌. യു.എസ്‌(33 കോടി), ഇന്തോനീഷ്യ(28 കോടി), പാകിസ്‌താന്‍(23 കോടി), നൈജീരിയ(21.8 കോടി), ബ്രസീല്‍(21.6 കോടി), ബംഗ്ലാദേശ്‌(16.8 കോടി).
യു.എന്നിന്റെ കണക്ക്‌ പ്രകാരം 1804 ലാണു ലോകജനസംഖ്യ 100 കോടിയിലെത്തിയത്‌. 123 വര്‍ഷം കൊണ്ടാണ്‌(1927) അത്‌ ഇരട്ടിയായത്‌. 1960ല്‍ മൂന്നൂറു കോടിയായി. ലോകജനസംഖ്യയില്‍ 60 ശതമാനം ആളുകളും താമസിക്കുന്നത്‌ ഏഷ്യയിലാണ്‌. ഇവരില്‍ 36 ശതമാനവും ഇന്ത്യയിലും ചൈനയിലുമാണു കഴിയുന്നത്‌. 17 ശതമാനം ആളുകള്‍ ആഫ്രിക്കയിലും 10 ശതമാനം ആളുകള്‍ യൂറോപ്പിലും ജീവിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here